കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താനിലെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ വിഭാഗം യു.കെ. പാഠ്യപദ്ധതിയിലെ എ-ലെവൽ വിദ്യാർഥികൾക്കായുള്ള ആദ്യ ബിരുദദാന ചടങ്ങായ ‘EQUINOX 2026: A Time for Transition’ സംഘടിപ്പിച്ചു. മെയ് 21ന് നടന്ന ചടങ്ങിൽ ഒമർ ശെരീഫ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഐസിഎസ്‌കെ ഓണററി ചെയർമാൻ ഷെയ്ഖ് അബ്ദുൾ റഹിമാൻ, ഓണററി സെക്രട്ടറി അസ്ഹറുദ്ദീൻ അമർ മുഹമ്മദ്, വിവിധ ഐസിഎസ്‌കെ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിശുദ്ധ വചനപാരായണം, കുവൈത്ത് ദേശീയഗാനം, നിലവിളക്ക് തെളിയിക്കൽ എന്നിവയോടെയാണ് പരിപാടി ആരംഭിച്ചത്. സ്വാഗതപ്രസംഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ കെ. ജി. ശിർസാത്ത് വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു. ചടങ്ങിൽ ഒമർ ഷെരീഫിനെ ആദരിക്കുകയും അദ്ദേഹം ബിരുദധാരികൾക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുകയും ചെയ്തു.
ചടങ്ങിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. ആയിഷ ജമീൽ 2025 ജൂണിൽ നടന്ന AS ലെവൽ കമ്പ്യൂട്ടർ സയൻസിൽ കുവൈത്തിൽ ഒന്നാം സ്ഥാനം നേടിയതിനും മൂന്ന് ഇന്റർനാഷണൽ കേംബ്രിഡ്ജ് AS ലെവലുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനും ഔട്ട്‌സ്റ്റാൻഡിംഗ് കേംബ്രിഡ്ജ് ലേണർ അവാർഡ് ലഭിച്ചു.
റാം പുത്ത്ര കുമാർ 2025 ജൂണിൽ നടന്ന Cambridge IGCSE English as a Second Language (Speaking Endorsement) പരീക്ഷയിൽ ലോകതലത്തിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള ഔട്ട്‌സ്റ്റാൻഡിംഗ് കേംബ്രിഡ്ജ് ലേണർ അവാർഡ് നേടി. നൃത്തം, സംഘഗാനം, ഓർമകൾ പങ്കുവെക്കൽ, വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അനുഭവങ്ങൾ, സർട്ടിഫിക്കറ്റ്-മെഡൽ വിതരണം തുടങ്ങിയ പരിപാടികളും അരങ്ങേറി. ആദ്യ ബാച്ചിലെ വിദ്യാർഥികളുടെ ഓർമച്ചിത്രങ്ങളും ചടങ്ങിന്റെ ഭാഗമായി. അക്കാദമിക് സൂപ്പർവൈസർ തുഷാര അരവിന്ദ് നന്ദിപ്രസംഗം നടത്തി. തുടർന്ന് ഇന്റർനാഷണൽ എജുക്കേഷൻ വിഭാഗം വൈസ് പ്രിൻസിപ്പൽ മിനവരാ രമേശ് ആശംസാ സന്ദേശം നൽകി. രക്ഷിതാക്കളും അധ്യാപകരും വിശിഷ്ടാതിഥികളും ബിരുദധാരികൾക്ക് ആശംസകളും അനുഗ്രഹങ്ങളും നേർന്നതോടെ ചടങ്ങ് സമാപിച്ചു. തുടർന്ന് നടന്ന വിരുന്നോടെ ആഘോഷങ്ങൾ അവസാനിച്ചു.
































