അഹമ്മദാബാദ്: രാജ്യത്തെ വേദനയിലാഴ്ത്തിയ വിമാനാപകടത്തിൽ 204 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ അടുത്ത ബന്ധുക്കൾക്ക് കൈമാറുന്നതിനായി ഡിഎൻഎ സാമ്പിൾ ശേഖരണം ആരംഭിച്ചു. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിൽ രക്ത സാമ്പിളുകൾ ശേഖരിക്കുന്നു. ഗാന്ധിനഗർ ഫോറൻസിക് ലാബിൽ ഡിഎൻഎ പരിശോധന നടത്തും. ഫലം ലഭിച്ച ശേഷമേ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് ഏൽപിക്കൂ എന്നും അധികൃതർ തെളിയിച്ചു.
അപകട മേഖലയിൽ നിന്ന് ഒരാളെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 1:38ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് എഐ 171 (ബോയിംഗ് 787 ഡ്രീംലൈനർ) തൊട്ടടുത്തുള്ള ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ തകർന്ന് വീണു. 23-ാം നമ്പർ റൺവേയിൽ നിന്ന് പറന്ന വിമാനം 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേോളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.ക്യാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 242 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.
വിമാനം തകർന്ന ഹോസ്റ്റലിൽ ആ സമയം 400-ലധികം പേർ ഉണ്ടായിരുന്നു. അവരിൽ 20 പേർക്ക് ഗുരുതരമായ പരിക്കേറ്റു. അഞ്ച് പേർ മരണമടഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. ഉച്ച സമയമായതിനാൽ കൂടുതൽ വിദ്യാർത്ഥികൾ ഭക്ഷണശാലയിലായിരുന്നു. ഹോസ്റ്റലിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.
അപകടത്തിന് ശേഷം ഫയർ ഫോഴ്സ്, പോലീസ്, എൻഡിആർഎഫ് ടീമുകൾ സ്ഥലത്തെത്തിയെങ്കിലും തീയും പുകയും കാരണം തുടക്കത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടായി. കണ്ടെത്തിയ മൃതദേഹങ്ങൾ സിവിൽ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലും സൂക്ഷിക്കുന്നു.