കുവൈത്ത് സിറ്റി : കൊറോണ വൈറസ് വ്യാപനതോത് ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടനെയും ഉൾപ്പെടുത്തി കുവൈത്ത്. ബ്രിട്ടനിൽ നിന്ന് നേരിട്ട് കുവൈത്തിലേക്കിനി പ്രവേശനം അനുവദിക്കില്ല. ഇത് വ്യക്തമാക്കി സിവിൽ വ്യോമയാന അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചു. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശാനുസരണമാണ് നടപടി.
ഇതോടെ കുവൈത്തിലേക്ക് നേരിട്ട് പ്രവേശനവിലക്കുള്ള രാജ്യങ്ങളുടെ എണ്ണം ഇന്ത്യ ഉൾപ്പെടെടെ 35 ആയി ഉയർന്നു. ഇനി മുതൽ ബ്രിട്ടനിൽ നിന്നും കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രവേശന വിലക്ക് ഇല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറൻ്റയിനിൽ കഴിഞ്ഞ ശേഷം മാത്രമേ പ്രവേശനം ലഭിക്കു. ബ്രിട്ടനിൽ കൊറോണ വൈറസ് വ്യാപനം ശക്തമാകുന്ന ആശങ്കയെ തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ലണ്ടനിലും പരിസര പ്രദേശങ്ങളിലും ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമാക്കി.