കുവൈറ്റിൽ മരണ കാരണങ്ങളിൽ രണ്ടാം സ്ഥാനത്ത് കാൻസർ

കുവൈറ്റിലെ ആകെ മരണങ്ങളില്‍ 15% കാൻസർ മൂലമെന്ന് വിദഗ്ധർ. ഹൃദയാഘാതമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്തത്. തൊട്ടടുത്ത സ്ഥാനം കാൻസറിനാണെന്നാണ് കുവൈറ്റ് കാൻസർ കൺട്രോൾ സെന്റർ (കെസിസിസി) മാനേജർ ഡോ. അലി അൽ മൊസാവി പറയുന്നത്. ടിഷ്യു ആൻഡ് സെൽസിന്റെ ഭാഗമായി സംഘടിപ്പിച്ച കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

രോഗനിർണയം നടത്തിയ കാന്‍സറുകളിൽ അറുപത് ശതമാനം സ്തനാര്‍ബുദം, തൈറോയ്ഡ് കാൻസർ, രക്താര്‍ബുദം, ലിംഫോമ, ശ്വാസകോശ അർബുദം എന്നിവയാണ്. കാൻ‌സര്‍ പ്രതിരോധ പോരാട്ടങ്ങളുടെ ഭാഗമായാണ് കെസിസിസി സ്ഥാപിക്കപ്പെടുന്നത്. അർബുദ നിർണയത്തിനും ചികിത്സയ്ക്കും ഏറ്റവും നൂതന സംവിധാനങ്ങളുള്ള രാജ്യത്തെ ഏക സ്പെഷ്യാലിറ്റി സെന്ററും ഇതു തന്നെയാണ്.

അതിനൂതന സാങ്കേതിക വിദ്യകള്‍‌ ഉപയോഗപ്പെടുത്തിയുള്ള രോഗ നിര്‍ണയം, മികച്ച ചികിത്സ, ഏറ്റവും യോഗ്യരായ സ്വദേശി-വിദേശി ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും സേവനം എന്നിവയും KCCയിലുണ്ട്.