ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങുന്ന ലഹരി ഉത്പ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

ന്യൂഡൽഹി: ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ വഴി മദ്യം,സിഗരറ്റ് പോലുള്ള ലഹരി ഉത്പ്പന്നങ്ങൾ വാങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ നീക്കമെന്ന് സൂചന. 2020ലെ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ബജറ്റിലുൾപ്പെടാവുന്ന ഇത്തരം ചില നിർദേശങ്ങൾ സംബന്ധിച്ച സൂചനകളെത്തുന്നത്. നിലവിൽ രണ്ട് ലിറ്റർ മദ്യവും ഒരു കാർട്ടൺ സിഗരറ്റുമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് വാങ്ങാൻ സാധിക്കുക. ഇത് ഒരു ലിറ്റർ മദ്യമാക്കി കുറയ്ക്കും. സിഗരറ്റ് വിൽപ്പന നിരോധിക്കാനാണ് നീക്കം.

അനിവാര്യമല്ലാത്ത സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മദ്യത്തിനും സിഗരറ്റിനും പുറമെ പുരുഷന്‍മാർക്കും 50000 രൂപ വരെയുടെയും സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെയുടെയും സ്വര്‍ണ്ണം കൊണ്ടു വരുന്നതിനും നികുതി ഇളവുണ്ട്. ഈ തുകയിൽ കൂടിയ സ്വർണ്ണം ഉണ്ടെങ്കിൽ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വരും.

അനിവാര്യമല്ലാത്ത സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാനുള്ള നിർദേശങ്ങൾ വാണിജ്യ മന്ത്രാലയത്തിന് നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. ഇറക്കുമതി നികുതി ഇല്ലാതെ 50000 രൂപയുടെ സാധനങ്ങളാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് യാത്രക്കാർക്ക് ഇപ്പോൾ വാങ്ങാനാവുക. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ നിർമ്മാണ വർധനവ് ലക്ഷ്യമിട്ട് പേപ്പര്‍, ചെരുപ്പുകള്‍, റബ്ബര്‍ നിര്‍മ്മിത കളിപ്പാട്ടങ്ങള്‍ എന്നിവയ്ക്ക് കസ്റ്റംസ് നികുതി വര്‍ധിപ്പിക്കാനും നീക്കമുണ്ട്.