പ്രവാസികളുടെ വീടുകളിൽ കയറി കൊള്ളയടിച്ച കുവൈത്ത് സ്വദേശി പിടിയിൽ

കുവൈത്ത് സിറ്റി: പോലീസ് ചമഞ്ഞ് പ്രവാസികളെ കൊള്ളയടിച്ച കുവൈത്ത് പൗരനെ അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.  പോലീസ് വേേഷത്തിൽ തൻ്റെ വളർത്തുനായക്കൊപ്പമാണ്   പ്രതിയെ പിടികൂടിയത്. ഡിറ്റക്ടീവ് ആണെന്ന് സ്വയം പരിചയപ്പെടുത്തി വളർത്തുനായയുമായി പ്രവാസികളുടെ വീടുകളിൽ കയറി മയക്കുമരുന്ന് പരിശോധന നടത്തുന്നതായി അഭിനയിച്ചാണ് ഇയാൾ പണം തട്ടിയിരുന്നത്

കർഫ്യൂ സമയത്തിന് മുമ്പായി തന്റെ നായയ്‌ക്കൊപ്പം ഇയാൾ സ്ഥിരമായി പ്രവാസി താമസസ്ഥലങ്ങളിൽ പ്രവേശിച്ചിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചതായി പറഞ്ഞ് 3 പ്രവാസികളെ ഇയാൾ കൊള്ളയടിച്ചു.

ആഭ്യന്തരമന്ത്രാലയത്തിലെ ഓപ്പറേഷൻ ഡിപ്പാർട്ട്മെൻ്റിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ , അഹ്മദി സെക്യൂരിറ്റി ഡയറക്ടർ മേജർ ജനറൽ മാത്താർ ഒരു പട്രോളിംഗ് ടീമിനെ പ്രവാസികൾ താമസിക്കുന്ന പ്രദേശത്തിന് ചുറ്റും വിന്യസിക്കുകയായിരുന്നു . തുടർന്ന് പോലീസ് വേഷത്തിൽ നായയോടൊപ്പം  പ്രവാസികളുടെ വീട്ടിൽ നിന്ന് പുറത്തുവന്ന പ്രതിയെ പിടികൂടി. ഇയാളുടെ പക്കൽ നിന്നും പ്രവാസികളിൽ നിന്ന്പിടിച്ചുപറിച്ച വസ്തുക്കളും പോലീസ് കണ്ടെടുത്തു