തിരുവനന്തപുരം: കേരള തീരത്ത് തുടർച്ചയായി സംഭവിക്കുന്ന കപ്പൽ അപകടങ്ങളിൽ ഒരു ദുരൂഹതയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. കപ്പൽ അപകടങ്ങളെ ഗൗരവത്തോടെ കാണാത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ജൂൺ 11-ന് തീരദേശ ജില്ലകളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും സണ്ണി ജോസഫ് പ്രഖ്യാപിച്ചു.
രണ്ടാഴ്ച മുമ്പ് കൊച്ചി തീരത്ത് ഒരു കപ്പൽ മുങ്ങിയ സംഭവത്തിൽ എംഎസ്സി എൽഎസ്-3 എന്ന കുത്തക കപ്പൽ കമ്പനിക്കെതിരെ ക്രിമിനൽ കേസ് എടുക്കാതിരിക്കാൻ സർക്കാർ തീരുമാനം തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും വഞ്ചിച്ചതാണെന്ന് അദ്ദേഹം വിമർശിച്ചു. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകാനിടയുള്ള രാസവസ്തുക്കൾ അടങ്ങിയ ചരക്കുകൾ കടലിൽ കലർന്നിട്ടുണ്ടെന്നും ഈ കപ്പൽ തീരത്തോട് അടുത്ത് മുങ്ങിപ്പോയത് ഗുരുതരമായ ഒരു സംഭവമാണെന്നും ചൂണ്ടിക്കാട്ടി. സർക്കാർ ആദ്യം മുതൽക്കേ ഈ വിഷയത്തിൽ കുറ്റകരമായ അനാസ്ഥ കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ ഈ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തി കോൺഗ്രസ് സമരമുഖത്തിറങ്ങുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.