തന്റെ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല CPM:പരിഹസിച്ച് ഗവർണർ

arif muhammed khan

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി കേരള സര്‍ക്കാർ-ഗവർണർ പോര് ഇപ്പോഴും തുടരുകയാണ്. പുതിയ നിയത്തെച്ചൊല്ലി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്ന ഗവർണർ താൻ ഭരണഘടനയുടെ സംരക്ഷകനാണെന്നും., സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരാന്‍ അനുവദിക്കില്ലെന്നും ആവർത്തിച്ചു പറയുന്നുണ്ട്.

നേരത്തെ പരോക്ഷ വിമർശനങ്ങൾ ആണ് ഉയർന്നിരുന്നതെങ്കിലും ഇപ്പോൾ സർക്കാരിനും സിപിഎമ്മിനുമെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ പദവി ഇല്ലാതാക്കണമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. താൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റു കണ്ടെത്താൻ പറ്റാത്തതു കൊണ്ടാണ് പദവി റദ്ദാക്കാൻ പറയുന്നതെന്നാണ് യെച്ചൂരിക്ക് ഗവർണർ നൽകിയ മറുപടി. തന്റെ പദവി റദ്ദു ചെയ്താൽ ആരും ചോദ്യം ചെയ്യാൻ ഉണ്ടാകില്ലല്ലോ എന്ന് പറഞ്ഞ അദ്ദേഹം ഗവർണർ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല സിപിഎം എന്ന പരിഹാസവും നടത്തി. യെച്ചൂരിയുടെ പേരെടുത്ത് പറഞ്ഞ് തന്നെയായിരുന്നു വിമർശനങ്ങൾ.

ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ ഇരുകൂട്ടരും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ ഒ.രാജഗോപാൽ രംഗത്തെത്തിയിട്ടുണ്ട്. ഇരുകൂട്ടരും ഉന്നത ഭരണഘടനാ പദവികളിലിരിക്കുന്നവരാണ്. പ്രശ്നങ്ങൾ സ്വകാര്യമായി ചർച്ച ചെയ്തു വേണം പരിഹരിക്കേണ്ടത് അല്ലാതെ അത് പ്രകടമാക്കുന്നത് നല്ലതല്ല എന്നായിരുന്നു അഭിപ്രായം.