ഉത്തരകാശിയിൽ ഹെലികോപ്റ്റർ അപകടം: 5 മരണം, രണ്ടുപേർ ഗുരുതരാവസ്ഥയിൽ.

0
111

ഉത്തരകാശി: ഉത്തരാഖണ്ഡിലെ അതിർത്തി ജില്ലയായ ഉത്തരകാശിയിൽ ഒരു സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. ഇതിൽ അഞ്ച് പേർ മരിച്ചുവെന്നും രണ്ട് പേർ ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട്.

യാത്രക്കാരിൽ രണ്ട് പേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരും മറ്റ് രണ്ട് പേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആകെ ഏഴ് യാത്രക്കാർ ഹെലികോപ്റ്ററിലുണ്ടായിരുന്നതായി കണക്കാക്കുന്നു. ഗംഗാനദിക്ക് സമീപമാണ് ഹെലികോപ്റ്റർ തകർന്നുവീണത്.

ചാർധാം തീർഥയാത്രയ്ക്കായി പോയ ഹെലികോപ്റ്ററാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ ഒരു സ്വകാര്യ കമ്പനിയുടേതാണെന്ന് അറിയുന്നു.

പൊലീസ്, വ്യോമസേന, ദുരന്തനിവാരണ ടീം, ആംബുലൻസ് എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. തഹസിൽദാറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതി നിരീക്ഷിക്കുന്നു. ഉത്തരകാശി ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയാണ് ഈ അപകടം സംഭവിച്ചതെന്ന് അധികൃതർ വിവരിച്ചു. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ല.