ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ തുടക്കം മുതലുള്ള ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രസ്താവന നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തീപിടിത്തത്തില്‍ ത്രിതല അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക സംഘം സംഭവത്തില്‍ അന്വേഷണം നടത്തും. വിജിലന്‍സും അന്വേഷിക്കും. തീപിടിത്തത്തിന്റെ കാരണവും മുന്‍കരുതല്‍ നടപടികളും പ്രത്യേക സമിതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യ പ്ലാന്റുകള്‍ക്കെതിരായ ആസൂത്രിത പ്രതിഷേധങ്ങള്‍ ഇനിയും താങ്ങാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രതിഷേധങ്ങള്‍ ഇനിയും വകവെച്ച് കൊടുക്കില്ല. മാലിന്യ പ്ലാന്റിന്റെ തുടക്കം മുതലുള്ള ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു

ബ്രഹ്മപുരത്ത് മാര്‍ച്ച് 13ന് പൂര്‍ണമായും തീയണച്ചു. ഏകോപിതമായ പ്രവര്‍ത്തനം നടന്നു. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തീ അണക്കാന്‍ കഴിഞ്ഞു. തീപിടിത്തം ഉണ്ടായത് മുതല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു. മാര്‍ച്ച് മൂന്നിന് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. മാര്‍ച്ച് നാലിന് യോഗം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ മന്ത്രി തലത്തില്‍ ഏകോപിപ്പിച്ചു വ്യോമസേനയെ അടക്കം വിന്യസിച്ചു. മാര്‍ച്ച് എട്ടിന് ഉന്നതതലയോഗം ചേര്‍ന്നു. മാര്‍ച്ച് 13 തീ പൂര്‍ണമായും അണച്ചു. ചെറിയ തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തി വരുകയാണ്.

നിരവധി വര്‍ഷങ്ങളായി വേര്‍തിരിക്കാതെ കിടന്നിരുന്ന മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. ആറ് മീറ്റര്‍ ആഴത്തില്‍ തീ പിടിച്ചു. കൃത്രിമ മഴ പ്രായോഗികമല്ല എന്നായിരുന്നു വിദഗ്ധ അഭിപ്രായം. മാലിന്യം ഇളക്കി മറിച്ച് തീ അണയ്ക്കുന്ന രീതിയാണ് അവലംബിച്ചത്. മാര്‍ച്ച് നാല് മുതല്‍ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിച്ചു. 1335 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. 21 പേര്‍ക്ക് കിടത്തി ചികിത്സ ആവശ്യമായി വന്നു. 262 പേര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. ഗുരുതരമായ പ്രശ്നം ആര്‍ക്കും തന്നെ ഇല്ല. അശാസ്ത്രീയമായ മാലിന്യ സംസ്‌കരണമാണ് ബ്രഹ്മപുരത്ത് നടന്നത്.