അരിക്കൊമ്പനെ മയക്കുവെടി വെക്കാനുളള ദൗത്യം നീളുന്നു

അരിക്കൊമ്പനെ മയക്കുവെടി വെക്കാനുളള ദൗത്യം നീളുന്നു. വേട്ടുവാഞ്ചേരിയില്‍ കാട്ടാനക്കൂട്ടത്തില്‍ കണ്ട അരിക്കൊമ്പനെ കാണാതായതാണ് ദൗത്യം നീളുന്നതിലേക്ക് നയിച്ചത്. പടക്കം പൊട്ടിച്ച് ആനകളെ ഒറ്റപ്പെടുത്താനുളള ശ്രമം വിജയിച്ചിരുന്നില്ല. ഇതിന് ശേഷമാണ് കൊമ്പനെ കാണാതായത്. അരിക്കൊമ്പൻ കാട്ടില്‍ കിടന്ന് ഉറങ്ങുന്നതായാണ് സൂചന. വനപാലകർ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 301 കോളനി ഭാഗത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നീങ്ങിയിട്ടുണ്ട്.

അതേസമയം അരിക്കൊമ്പന്‍ തനിച്ചല്ല എന്നത് ദൗത്യം ശ്രമകരമാക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. ദൗത്യം ഇന്നുതന്നെ ലക്ഷ്യത്തിലെത്തുമെന്ന് പ്രതീക്ഷ. ആനയെ എങ്ങോട്ടു മാറ്റുമെന്നതില്‍ രഹസ്യ സ്വഭാവം സൂക്ഷിക്കും.അരിക്കൊമ്പനൊപ്പം കുട്ടിയാനകളടക്കമുളള കൂട്ടം, പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല, ആന നില്‍ക്കുന്നത് വാഹനമെത്താന്‍ ബുദ്ധിമുട്ടുളള സ്ഥലത്ത് എന്നിവയാണ് അരിക്കൊമ്പന്‍ ദൗത്യം നീളാനുളള കാരണങ്ങൾ.