ആഗ്രഹിച്ചപോലെ പി.ടിയുടെ കണ്ണുകള്‍ ദാനം ചെയ്തു

പി.ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്നും മൃതദേഹം ദഹിപ്പിക്കണമെന്ന അന്ത്യാഭിലാഷം അദ്ദേഹം പങ്കുവച്ചിരുന്നതായി പി.ടിയുടെ അടുത്ത സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. രവിപുരം ശ്‌മശാനത്തിൽ മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്മം ഉപ്പുതോട്ടിൽ അമ്മയുടെ കല്ലറയിൽ വെയ്ക്കണമെന്നും പി.ടി തോമസ് നിർദ്ദേശിച്ചിരുന്നു. ഉറ്റസുഹൃത്തായ ഡിജോ കാപ്പനാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹത്തിൽ റീത്ത് വെയ്ക്കരുത് എന്നും പി.ടി പറഞ്ഞിരുന്നു. പൊതുദർശന സമയത്ത് ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും..’ എന്ന പാട്ട് ചെറിയ ശബ്ദത്തിൽ വെയ്ക്കണം എന്നും പി.ടി തോമസിന്റെ അന്ത്യാഭിലാഷമാണ്.

നാളെ പുലർച്ചെ മൃതദേഹം കൊച്ചിയിൽ എത്തിക്കും. രാവിലെ ഏഴിന് എറണാകുളം ഡി.സി.സി ഓഫീസിൽ പൊതുദർശനം. എട്ടു മണിക്ക് എറണാകുളം ടൗൺഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ഒന്നരക്ക് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനം. തുടർന്ന് വൈകിട്ട് ആറുമണിക്ക് രവിപുരം ശ്‌മശാനത്തിൽ മൃതദേഹം സംസ്കരിക്കും.