അബ്ദാലി അതിർത്തി വീണ്ടും തുറന്നു ; യാത്രക്കാരുടെയും ചരക്ക് വാഹനങ്ങളുടെയും ഗതാഗതം പുനഃസ്ഥാപിച്ചു

0
14

കുവൈറ്റ് സിറ്റി : സമീപകാല ആക്രമണത്തെ തുടർന്ന് താൽക്കാലികമായി അടച്ചിരുന്ന കുവൈത്ത്–ഇറാഖ് അബ്ദാലി അതിർത്തി വീണ്ടും തുറന്നു. ഇതോടെ യാത്രക്കാരുടെയും വാണിജ്യ ചരക്കുകളുടെയും ഗതാഗതവും പുനരാരംഭിച്ചു.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി അതിർത്തി പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

രണ്ടു ദിവസം മുമ്പ് മുതൽ അതിർത്തി കടവിലെ പ്രവർത്തനങ്ങൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ടെന്നും, നിരവധി ചരക്ക് ട്രക്കുകൾ ഇറാഖിലേക്ക് കടന്നുപോകുകയും യാത്രക്കാർ വീണ്ടും അതിർത്തി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.

ആക്രമണത്തിൽ ഉണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് തുടരുകയാണ്. യാത്രക്കാരുടെ സുരക്ഷയും ചരക്കുനീക്കത്തിന്റെ തടസ്സമില്ലാത്ത നടത്തിപ്പും ഉറപ്പാക്കുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്.

അതിർത്തി വീണ്ടും തുറന്നതോടെ കുവൈത്തും ഇറാഖും തമ്മിലുള്ള പ്രധാന കരമാർഗ വ്യാപാര-യാത്രാ ബന്ധം പൂർണമായി പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.