തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയിൽ സമഗ്രമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ഷെഡ്യൂൾ ചെയ്തതിൽ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും അത് നടക്കാതിരുന്നത് സാങ്കേതിക പ്രശ്നം കൊണ്ടാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഡോക്ടറുടെ ആരോപണം സർക്കാരിന് പരാതിയായി എത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ മാറ്റിവച്ചെന്നും ചികിത്സ മുടങ്ങിയെന്നുമുള്ള യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വിവാദങ്ങൾ ഉണ്ടായത്. പോസ്റ്റ് പിൻവലിച്ചെങ്കിലും ഉപകരണങ്ങളുടെ ക്ഷാമം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന് പറഞ്ഞ് ഡോ.ഹാരിസ് വീണ്ടും രംഗത്തെത്തി. എന്നാൽ ആരോഗ്യവകുപ്പിനെ കളങ്കപ്പെടുത്താനുള്ള ആരോപണമെന്ന് പറഞ്ഞ് ഡോക്ടറുടെ വാദങ്ങൾ ഡിഎംഇ തള്ളി.
”ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു. മകന്റെ പ്രായമുള്ള വിദ്യാർത്ഥിയുടെ സ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നു. തനിക്ക് ലജ്ജയും നിരാശയുമുണ്ട്”. ഇങ്ങനെ കടുത്ത നിരാശയും സങ്കടവും തിഫലിക്കുന്ന രണ്ട് കുറിപ്പുകളാണ് ഡോ.ഹാരിസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കൃത്യസമയത്ത് ചികിത്സ നൽകാൻ തയ്യാറാണ്, പക്ഷെ ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല. രാജിവയ്ക്കാനാലോചിക്കുന്നു.ഡോ.ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായതോടെ ആരോഗ്യവകുപ്പ് വിശദീകരണം നൽകി. സാങ്കേതിക തടസ്സം കൊണ്ടാണ് ലിതോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണം എത്താൻ വൈകുന്നതെന്നും, ഇന്നലെ ഒന്നൊഴികെ, മൂന്ന് ശസ്ത്രക്രിയകൾ വകുപ്പിൽ നടത്തിയിട്ടുണ്ടെന്നും ഡിഎംഇ. വിവാദമായോതോടെ ആദ്യ ഫേസ്ബുക്ക് കുറിപ്പുകൾ ഡോ.ഹാരിസ് പിൻവലിച്ചു. ഏപ്രിലിൽ ഉപകരണങ്ങൾക്കായി ഡോ.ഹാരിസ് കത്ത് നൽകിയിട്ടും, ജൂണിലാണ് പർച്ചേസ് ഓർഡർ നൽകിയത്. പർച്ചേസ് ഓർഡർ നൽകാൻ വൈകിയത് സാങ്കേതിക കാരണങ്ങളാല്ലെന്നാണ് വകുപ്പ് വിശദീകരിക്കുന്നത്. കേരളത്തിലെ ഒന്നാം നമ്പർ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഒരു വകുപ്പ് മേധാവി തന്നെ, ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയാണ് ആരോഗ്യവകുപ്പ്.