ന്യൂഡൽഹി: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രാസംഘത്തിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില. ഇറാനിലെ ടെഹ്റാനിലുള്ള ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി എസ് രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ്. 2024 സെപ്റ്റംബറിലാണ് ഫാദില ഇവിടെ മെഡിസിൻ പഠനത്തിനായി എത്തിയത്. ഫാദിലയെ സ്വീകരിക്കാൻ പിതാവ് മുഹമ്മദ് കച്ചക്കാരൻ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടായിരുന്നു. ഇൻഡിഗോ വിമാനത്തിൽ ഇന്ന് (21/06/2025) രാത്രി 11.50ഓടെ ഇവര്‍ കൊച്ചിയിലെത്തും.
സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്ന മലയാളികൾക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണ ന്യൂഡൽഹി കേരള ഹൗസിലെ നോർക്ക ഡവലപ്പ്മെൻ്റ് ഓഫീസർ ജെ. ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് ഇവാക്വേഷേൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.