അടച്ചുപൂട്ടലിന് മുൻപ് കുവൈത്തിലെ സലൂണുകളിൽ വൻതിരക്ക്

കുവൈത്ത് സിറ്റി : ജനങ്ങൾ കൂട്ടം കൂടുന്നത് തടയുന്നതിൻ്റെ ഭാഗമായി സലൂണുകൾ അടച്ചിടാൻ ഉള്ള സർക്കാർ തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ കുവൈത്തിലെ ഹെയർ സലൂണുകളിൽ വൻ തിരക്ക്. നിരവധിപേരാണ് സലൂൺ സേവനങ്ങൾക്കായി ശനിയാഴ്ച വൈകിട്ട് വരെ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളത്. സ്ഥാപനങ്ങൾ അടച്ചിട്ട്തിനുശേഷവും ഉപഭോക്താക്കളുടെ ആവശ്യാനുസരണം താമസ സ്ഥലത്തെത്തി സേവനം ലഭ്യമാക്കുമെന്ന് സലൂണുകൾ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കോവിഡ് വ്യാപനത്തിൻ്റെ ആദ്യനാളുകളിൽ സ്ഥാപനങ്ങൾ അടച്ചിട്ടതുമൂലമുണ്ടായ കടബാധ്യതയിൽ നിന്നും നഷ്ടങ്ങളിൽ നിന്നും കരകയറാൻ ഇതുവരെ സാധിച്ചിട്ടില്ല എന്ന് സ്ഥാപന ഉടമകൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ അടച്ചുപൂട്ടൽ ഭീഷണിയെന്നും അവർ പ്രതികരിച്ചു. 2020 മാർച്ച് മുതൽ സെപ്റ്റംബർ വരെ അവരെ ആദ്യം അടച്ചിട്ടപ്പോൾ 75,000 ദിനാർ വരെയാണ് നഷ്ടമുണ്ടായത്. വരുമാനം ഇല്ലാത്തപ്പോഴും നൽകേണ്ടിവന്ന കെട്ടിടങ്ങളുടെ വാടകയും തൊഴിലാളികളുടെ വേതനവും മറ്റു ചെലവുകളും ഉൾപ്പടെ ആയിരുന്നു ഇത്.