ഇന്ത്യയിൽ നിന്നെത്തിച്ച കോവിഡ് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമെന്ന് വാക്സിൻ ടെക്നിക്കൽ കമ്മിറ്റി

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് എത്തിച്ച ഓക്സ്ഫോർഡിൻ്റെ ആസ്ട്രസെനക്ക കോവിഡ് വാക്സിൻ, സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് കുവൈത്തിലെ വാക്സിൻ ടെക്നിക്കൽ കമ്മിറ്റി അംഗം ഖാലിദ് അൽ സയ്യിദ് അറിയിച്ചു. ഇടത്തരവും, കഠിനവുമായ അണുബാധകൾക്കെതിരെ വാക്സിൻ ഫലപ്രദമാണ് എന്ന് അദ്ദേഹം വിലയിരുത്തി. അണുബാധമൂലം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ വാക്സിനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.18 വയസ്സു മുതൽ 65 വയസ്സ് വരെയുള്ളവരിൽ വാക്സിൻ കുത്തിവെക്കുന്നത് സുരക്ഷിതമാണെന്നും കമ്മിറ്റി അറിയിച്ചു.

ഇന്ത്യയിൽ നിന്ന് എത്തിച്ച വാക്സിൻ ഉപയോഗിച്ചുകൊണ്ടുള്ള കുത്തിവെപ്പ് ഈ ആഴ്ച മുതൽ ആരംഭിക്കും. മിഷ്റിഫ് ഫെയർ ഗ്രൗണ്ടിലെ 5 ,6 ഹാളുകളിലാണ് കുത്തിവെപ്പ് നടത്തുക. വാക്സിനേഷൻ വേണ്ടി രജിസ്റ്റർ ചെയ്തവർക്ക് കുത്തിവെപ്പ് എടുക്കുന്നതിനുള്ള ദിവസവും സമയവും ഉൾപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് നൽകും.
ആദ്യ ഡോസ് സ്വീകരിച്ച് നാലാഴ്ച ഉച്ചകഴിഞ്ഞാണ് അടുത്ത ഡോസ് നൽകുക

ഇന്നലെ പുലർച്ചയോടെയായിരുന്നു ഇന്ത്യയിൽ നിന്ന് വിമാനമാർഗം 2 ലക്ഷം ഡോസ് വാക്സിൻ കുവൈത്തിൽ എത്തിച്ചത്. 800000 ഡോസുമായി രണ്ടാമത്തെ ബാച്ച് വാക്സിൻ ഫെബ്രുവരി അവസാനത്തോടെ കുവൈത്തിൽ എത്തും.