ചക്കപുരാണം : ലിഷ അന്ന

0
10

പെരും ജീരകം കൂട്ടിയരച്ച തേങ്ങ ചേര്‍ത്തിളക്കി വേവിച്ച ചക്കപ്പുഴുക്കിന്‍റെ മണമുള്ള വൈകുന്നേരങ്ങളിങ്ങനെ എത്തുകയാണ് ഓര്‍മ്മയിലേയ്ക്ക്. ഇവിടെയിങ്ങനെ മാര്‍ക്കറ്റില്‍ കിട്ടുന്ന വലിയ രുചിയില്ലാത്ത വാടിയ ‘കട്ടല്‍’ പുഴുങ്ങി തിന്നുമ്പോള്‍ എങ്ങനെയാണ് ഒരു ചക്കപ്രേമിക്ക് സങ്കടം വരാതിരിക്കുന്നത്?

നാലഞ്ചു മണിയാകുമ്പോള്‍ പറമ്പില്‍ നിന്നും വാഴയിലയോ ഉപ്പൂത്തിയിലയോ പറിച്ച് ചൂടുള്ള, നേരിയ മധുരമുള്ള ചക്കപ്പുഴുക്ക് അതിലിട്ട് നല്ല കട്ടന്‍ചായക്കൊപ്പം തിന്ന കാലം ഒക്കെ ഓര്‍മ്മയിലുണ്ട്. അതൊരു ആഘോഷമായിരുന്നു. ഏതെങ്കിലും പറമ്പില്‍ നിന്നും വെട്ടി താഴെയിടുന്ന ചക്ക. വിളഞ്ഞില്‍ പറ്റാതിരിക്കാന്‍ ന്യൂസ് പേപ്പര്‍ പറ്റിച്ച് വച്ച് ചുറ്റുപാടുമുള്ള നാലഞ്ചു വീടുകളിലേക്ക് കൊടുത്തയക്കപ്പെടുന്ന കണ്ടം തുണ്ടങ്ങള്‍. ഉച്ചകളില്‍ തേങ്ങ വറുത്തിട്ട് എരിശ്ശേരിയായോ വൈകുന്നേരങ്ങളിലെ ചായക്കൊപ്പം ഒരുമിച്ചിരുന്ന് കഴിക്കാനുള്ള പുഴുക്കായോ രൂപം മാറുന്ന ചക്കക്കഷ്ണങ്ങള്‍. ഒരു പ്രദേശം മുഴുവന്‍ പരന്നൊലിക്കുന്ന ചക്കപ്പുഴുക്ക് മണം. കുല കുലയായി ചക്ക കായ്ച്ചാല്‍ ആ വര്‍ഷം വീട്ടിലെന്തെങ്കിലും ദുരന്തം സംഭവിക്കും എന്ന് കേട്ടതും അങ്ങനെയൊരു വൈകുന്നേരത്താണ്. അമ്മയുടെ അച്ഛന്‍ പോയപ്പോഴും എല്ലാവരും അതുതന്നെ പറഞ്ഞു”ഇക്കൊല്ലം ത്രക്കും ചക്ക ണ്ടായപ്പഴെ നിയ്ക്ക്ത് തോന്നീര്ന്ന് “

പഴം ചക്കയെന്ന കൂഴച്ചക്ക പുഴുക്കിന് നല്ലതാണ്. തോല്‍ കളയാത്ത ചക്കക്കുരു ഇടയ്ക്കു വാരിയിട്ട് അടുപ്പില്‍ മണ്‍കലത്തില്‍ വേവിച്ചെടുക്കുന്ന ചക്ക. പഴുത്ത ചക്കയോട് അത്രയില്ല താല്പര്യം. ചുവന്ന ചെമ്പരത്തി വരിക്കയോ തേന്‍ വരിക്കയോ ആണെങ്കില്‍ പോലും ചക്കയെന്നാല്‍ മഞ്ഞ നിറമുള്ള, ജീരക മണമുള്ള പുഴുക്കാണ്. അത് മാത്രമാണ്.

തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ചക്കപ്പുഴുക്കുണ്ടാക്കി കൊണ്ടു തന്ന കൂട്ടുകാരനെ ഓര്‍ക്കുന്നു. ചക്കയോടുള്ള പ്രേമം അറിയാവുന്നത് കൊണ്ട് പുഴുക്കും പഴുത്തതുമായിരിക്കുന്ന ചക്കകളുടെ പലവിധ പോസുകള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും അപ്‌ലോഡ്‌ ചെയ്യുന്ന ചങ്ക്സിനെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.

കേരളത്തിലെ വേനലെന്ന് കണ്ണടച്ചാല്‍ പുഴുങ്ങിയ ചക്കയുടെയും ഇടയ്ക്ക് മണ്ണിലേക്ക് തൊട്ടിറങ്ങി ആവിയാകുന്ന പുതുമഴയുടെയും മണം അല്ലാതെ മറ്റെന്താണ്?