ചരിത്രം ഇല്ലാതാക്കണം. അതിന്‍റെ മേല്‍ കറുത്ത തുണി മൂടണം. ഇന്നലെ വരെ പഠിപ്പിച്ച ചരിത്രങ്ങള്‍ ഇല്ലാതാക്കി, പുതിയ ചരിത്രം, എഴുതണം. സ്കൂളില്‍ പണ്ട് പഠിപ്പിച്ച ഉപമാലങ്കാരത്തിനു ഉപയോഗിച്ച പാടിപ്പതിഞ്ഞു മറക്കാത്ത ആ വരി, “മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം” എന്ന്‍ പാട്ടിപ്പുകഴ്ത്തി പട്ടും വളയും സ്വീകരിക്കണം. അത് അലങ്കാരമായി കൊണ്ട് നടക്കണം, അതൊക്കെയാണ് അന്നത്തെയും പോലെ ഇന്നും അധികാരത്തിന്‍റെ അകത്തളത്തില്‍ അടയിരുന്ന് വാഴ്ത്തിപ്പാടുകള്‍ നടത്തുന്ന പല കേമന്‍മാരുടെയും ആവശ്യം.
അധികാരത്തില്‍ ഇരിക്കുന്ന ഏമാന്‍മാരെ തഴുകി നില്‍ക്കുന്ന ഇത്തരം ആളുകളുടെ വേഷപ്പകര്‍ച്ച വെള്ളിത്തിരയില്‍ കാണുമ്പോള്‍, അവര്‍ക്കെതിരെ നായകന്മാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആരാധകവൃന്ദം കയ്യടിക്കുന്നതിനുള്ള കാരണം, പൊതുജനമെന്ന ഈ വോട്ട് യന്ത്രത്തിന് ഇത് പറയാന്‍ കഴിയുന്നില്ല എന്നത് കൊണ്ടാണ്. എരിവും പുളിയും ചേര്‍ത്ത് മുഖ്യനെയും, മന്ത്രിമാരെയുമൊക്കെ വലിയ നാക്കില്‍ പറയുമ്പോള്‍, അവനൊരു എല്ല് കൂടുതലാണ് എന്ന് പറയുമ്പോഴും ഒക്കെ അവര്‍ കയ്യടിക്കും. കാരണം അവര്‍ക്കത് പറയുവാന്‍ കഴിയുന്നില്ല എന്നത് കൊണ്ടാണത്.
ഒരു സംസ്ഥാനത്തിന്റെ പോലീസ് സേനയില്‍ ഉന്നത സ്ഥാനം വഹിച്ച വ്യക്തി ഈയടുത്ത ദിവസം പറഞ്ഞത് മോദി വരുന്നത് വരെ ഇവിടുത്തെ പ്രതിരോധ സംവിധാനത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോഴാണ് ആയുധപ്പുര നിറഞ്ഞത് എന്നാണ്. ഇത്തരം ഊളകള്‍ പറയുന്ന വാക്കുകള്‍ക്ക് തടയിടാന്‍ മടിച്ചു നിന്നാല്‍ തീര്‍ച്ചയായും പൂര്‍വീകര്‍ ത്യാഗം ചെയ്തു കെട്ടിപ്പടുത്ത നമ്മുടെ രാജ്യം ഇല്ലാതാക്കുവാന്‍ നമ്മള്‍ കൂട്ട് നിന്ന് പ്രവര്‍ത്തിച്ചു എന്നാവും രേഖപ്പെടുത്തുക.
മറ്റൊരു മുഖ്യന്‍ പറഞ്ഞത് മുസ്ലിം ലീഗാണ് ഇവിടെ വിഭജനം കൊണ്ട് വന്നത് എന്നും, അത് കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് എന്നുമാണ്. പക്ഷേ, അദ്ദേഹം മറന്നു പോയത് തന്റെ ആചാര്യന്‍ തന്നെയാണ് ഇന്ത്യ രണ്ടു രാജ്യമെന്ന വാദം ആദ്യമായി രാജ്യത്ത് ഉയര്‍ത്തിയെന്ന ചരിത്രമാണ്. രാജ്യത്തെ ജനതയെ രണ്ടായി തരം തരിച്ചു കൊണ്ട് ദേശത്തെ ഐക്യത്തെ തകര്‍ക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന പാര്‍ട്ടിയുടെ തലതൊട്ടപ്പന്‍മാരാണ് ചരിത്രപരമായി ഒരു തിരിഞ്ഞു നോട്ടവുമില്ലാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നത് എത്ര വൈരുദ്ധ്യമാണ്.
ഇന്ത്യയുടെ പുരോഗതിക്ക്, രാജ്യത്തിന്‍റെ നന്മക്ക്, ജാതിമതഭേദമന്യേ നേതൃത്വം നല്‍കിയ തലമുറകളുടെ ചരിത്രത്തെ വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ, അടിസ്ഥാന രഹിതമായ വാക്കുകളിലൂടെ മാറ്റിയെഴുതുന്നത് കരുതിയിരിക്കുക. ദേശസ്നേഹം ഒട്ടുമേയില്ലാതെ അന്നത്തെ മേലാളന്‍മാരുടെ കുഴലൂത്തുകാരായ ഈ അഭിനവ ദേശസ്നേഹികള്‍ രാജ്യത്തെ കീറിമുറിക്കാന്‍ വരുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുക നാം.