മെട്രോ മെഡിക്കൽ ഗ്രൂപ്പിൽ പുതിയ ഹെൽത്ത് സ്ക്രീനിംഗ് പാക്കേജുകൾ; മുൻകരുതൽ ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം

0
31

കുവൈറ്റ് സിറ്റി : ആരോഗ്യപരിപാലന രംഗത്ത് മുൻകരുതൽ പരിശോധനകളുടെ പ്രാധാന്യം ഉയർന്നുവരുന്ന സാഹചര്യത്തിൽ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് പുതിയ സമഗ്ര ഹെൽത്ത് സ്ക്രീനിംഗ് പാക്കേജുകൾ ലഭ്യമാക്കി. “ഫിറ്റ് ബോഡി സ്ക്രീനിംഗ് പാക്കേജ്”യും “മൗൻജാരോ പാക്കേജ്”യും എന്ന പേരുകളിലുള്ള ഈ പാക്കേജുകൾ ഗ്രൂപ്പിന്റെ എല്ലാ ശാഖകളിലും ലഭ്യമാക്കിയിരിക്കുന്നത്. ജീവിതശൈലി മാറ്റങ്ങളും അനിയന്ത്രിതമായ ഭക്ഷണരീതികളും കാരണം പ്രമേഹം, ഹൃദ്രോഗം, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ അസുഖങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം സമഗ്ര പരിശോധനാ പദ്ധതികളുടെ പ്രാധാന്യം വർദ്ധിക്കുന്നതെന്നും അതിനാലാണ് ഇത്തരം ആരോഗ്യ പാക്കേജുകൾ ലഭ്യമാകുന്നതെന്നും മെട്രോ മാനേജ്‌മന്റ് പറഞ്ഞു.

“ഫിറ്റ് ബോഡി സ്ക്രീനിംഗ് പാക്കേജ്” ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകങ്ങൾ വിലയിരുത്തുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. ജനറൽ പ്രാക്ടീഷണറുടെ കൺസൾട്ടേഷൻ, വിവിധ ഹോർമോൺ പരിശോധനകൾ, കരൾ-വൃക്ക പ്രവർത്തന പരിശോധനകൾ, മൂത്രത്തിന്റെ സമഗ്ര പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രക്തസമ്മർദ്ദം, ബോഡി മാസ് ഇൻഡക്സ് (BMI) എന്നിവ പരിശോധിക്കുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വ്യക്തിയുടെ പൊതുവായ ആരോഗ്യ നില വിലയിരുത്താൻ ഈ പാക്കേജ് സഹായകരമാകും.

“മൗൻജാരോ പാക്കേജ്” കൂടുതൽ വിപുലമായ പരിശോധനകളടങ്ങിയതാണ്. ബ്ലഡ് ഷുഗർ, HbA1c, ലിപിഡ് പ്രൊഫൈൽ എന്നിവ ഉൾപ്പെടെയുള്ള പരിശോധനകൾ വഴി പ്രമേഹവും ഹൃദ്രോഗ സാധ്യതകളും വിലയിരുത്താൻ സാധിക്കും. കൂടാതെ വിറ്റാമിൻ ഡി, തൈറോയിഡ് പ്രവർത്തനം, ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവ പരിശോധിക്കുന്ന സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി വ്യക്തിയുടെ സമഗ്ര ആരോഗ്യ നില കൂടുതൽ വിശദമായി മനസ്സിലാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

എല്ലാ വിഭാഗം ആളുകൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പാക്കേജുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും, കുറഞ്ഞ ചെലവിൽ സമഗ്ര ആരോഗ്യ പരിശോധനകൾ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും രോഗങ്ങൾ ആരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി നിയന്ത്രണ വിധേയമാക്കുന്നതിനും ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഇത്തരം സ്ക്രീനിംഗ് പാക്കേജുകൾ നിർണായകമാണെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. ആരോഗ്യ പരിശോധനകൾ വൈകിപ്പിക്കുന്നവർക്കും മുൻകരുതൽ പരിശോധനകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് അനുയോജ്യമായ അവസരമാണെന്നും മെട്രോ മാനേജ്‌മന്റ് കൂട്ടിച്ചേർത്തു.