കുവൈറ്റ് സിറ്റി : കുവൈത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടിയായി പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ സർവീസ് ചാർജ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടിക്കെതിരെ രാജ്യസഭാ എംപിമാർ രംഗത്ത്. പ്രവാസികളുടെ ഈ കടുത്ത ജീവൽപ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചു.
നിലവിലെ സേവന ദാതാക്കളായ ബി.എൽ.എസ് ഇന്റർനാഷണലിന് പകരം ജൂലൈ ഒന്ന് മുതൽ ചുമതലയേൽക്കുന്ന ‘ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ’ (DU Digital Global) കമ്പനിയാണ് നിരക്കുകൾ ഇരട്ടിയിലധികമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് ദിനാറോളം മാത്രമായിരുന്ന സർവീസ് ചാർജ്, പുതിയ പരിഷ്‌കാരത്തോടെ ആറു ദിനാറായാണ് ഉയരുന്നത്. ടൈപ്പിംഗ്, പ്രിന്റിംഗ്, ഫോട്ടോക്കോപ്പി, കൊറിയർ സേവനം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ പുതിയ നിരക്ക്.
ഇതുവരെ പ്രവാസികൾക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാമായിരുന്ന കൊറിയർ ഉൾപ്പെടെയുള്ള സേവനങ്ങൾ പുതിയ സംവിധാനത്തിൽ നിർബന്ധിതമാക്കിയിട്ടുണ്ട്. കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നവരും കുറഞ്ഞ ശമ്പളക്കാരുമായ തൊഴിലാളികൾ പണം ലാഭിക്കാനായി സാധാരണയായി കൊറിയർ ഒഴിവാക്കുകയായിരുന്നു പതിവ്. എന്നാൽ പുതിയ നിയമം വരുന്നതോടെ ഇവർ അധിക തുക നൽകാൻ നിർബന്ധിതരാകും. കൂടാതെ, പ്രവാസികൾ ഏറെ ആശ്രയിച്ചിരുന്ന അബ്ബാസിയയിലെ കേന്ദ്രം പൂർണ്ണമായും നിർത്തലാക്കി പകരം ദജീജിലേക്ക് മാറ്റിയതും സാധാരണക്കാരായ തൊഴിലാളികൾക്ക് യാത്രാച്ചെലവും ബുദ്ധിമുട്ടും വർദ്ധിപ്പിക്കും.
പശ്ചിമേഷ്യയിലെ യുദ്ധപശ്ചാത്തലവും വിപണിയിലെ മന്ദഗതിയും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഈ നിരക്ക് വർദ്ധന താങ്ങാനാവില്ലെന്നും, അതിനാൽ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം.പിമാർ കത്തിൽ ആവശ്യപ്പെട്ടു.
കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പുതുതായി നിശ്ചയിച്ച ആറ് ദിനാർ സർവീസ് ചാർജ് പുനഃപരിശോധിക്കുകയും ഗണ്യമായി കുറയ്ക്കുകയും ചെയ്യുക. ഈ നിരക്കുകൾ ഏതെല്ലാം സേവനങ്ങൾക്കാണ് (പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, എമർജൻസി സർട്ടിഫിക്കറ്റ് മുതലായവ) ബാധകമാകുന്നത് എന്ന് എംബസിയും പുതിയ ഏജൻസിയും കൃത്യമായി വ്യക്തമാക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്കും അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവർക്കും നിരക്കുകളിൽ ഇളവുകളോ സബ്‌സിഡിയോ അനുവദിക്കുക. തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്.
സാധാരണക്കാരായ ഇന്ത്യൻ പ്രവാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി. സന്തോഷ് കുമാർ എം.പിയും പിപി സുനീർ എംപിയും വ്യക്തമാക്കി. വിഷയത്തിൽ അടിയന്തിര പരിഹാരം കാണുന്നതിലേക്കായി കേരള അസോസിയേഷൻ കുവൈറ്റ്, എം.പിമാരായ പി. സന്തോഷ് കുമാർ, പി.പി. സുനീർ എന്നിവർക്ക് കത്ത് നൽകിയിരുന്നു.






























