കുവൈത്ത് സിറ്റി : ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് ആദ്യ ക്ലാസ് 10 ബാച്ചിൽ തന്നെ 100 ശതമാനം വിജയം നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. 29 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചതോടെ സ്കൂളിന്റെ അക്കാദമിക് മികവ് തെളിഞ്ഞു. ഈ ബാച്ചിന്റെ ഉയർന്ന മാർക്ക് 98.2 ശതമാനവും ശരാശരി 82.3 ശതമാനവുമാണ്. അലീസ സുസാൻ ജോസഫ് 98.2 ശതമാനത്തോടെ ഒന്നാം സ്ഥാനത്തെത്തി. ഹന്ന സലോം ജെയിംസൺ 96 ശതമാനവും, ഇവാന തെരേസ ബിജോയ്, ഐന്യ ബ്രിറ്റോ ആർതർ എന്നിവർ 94.2 ശതമാനവും നേടി. യൂസഫ് പത്താൻ 91 ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ചവെച്ചു.
12 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷൻ നേടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മൂന്ന് പേർ പൂർണ്ണ മാർക്ക് നേടിയത് പ്രത്യേക നേട്ടമായി. 26 ശതമാനം വിദ്യാർത്ഥികൾ 90 ശതമാനത്തിനുമുകളിൽ മാർക്ക് നേടിയപ്പോൾ, 59 ശതമാനം പേർ 80 ശതമാനത്തിനുമുകളിൽ നേടി. സ്കൂൾ മാനേജ്മെന്റും ഡയറക്ടറുമായ ഡോ.ഷെർലി ഡെന്നിസ് വിദ്യാർത്ഥികളുടെ പരിശ്രമത്തെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയെയും അഭിനന്ദിച്ചു. ആദ്യ ബാച്ചിന്റെ ഈ നേട്ടം ഭാവിയിൽ കൂടുതൽ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് സ്കൂളിനെ നയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.






























