കുവൈത്ത് സിറ്റി : മുനിസിപ്പൽ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജഹ്റ ഗവർണറേറ്റിൽ നടത്തിയ ഫീൽഡ് പരിശോധനാ ക്യാമ്പെയിനിൽ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധനാ സംഘം 135 സുരക്ഷാ മുന്നറിയിപ്പുകൾ നൽകുകയും 23 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകാവുന്ന നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്യുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പതിവായി നടത്തുന്ന നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിശോധനാ ക്യാമ്പെയിൻ സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. പൊതുസുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തുന്നതിനും ചട്ടലംഘനങ്ങൾ തടയുന്നതിനുമായി ഇത്തരം പരിശോധനകൾ തുടർച്ചയായി നടത്തിവരുന്നതായും അവർ വ്യക്തമാക്കി.
ജഹ്റ ഉൾപ്പെടെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആവർത്തിച്ച് വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി ചട്ടലംഘകരെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.































