നിഷ്പക്ഷ അംഗങ്ങളെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് കർഷകർ സുപ്രീംകോടതിയിൽ

ദില്ലി: വിവാദ കാർഷിക നിയമ ഭേദഗതി പഠിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗങ്ങളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ സമർപ്പിച്ച ഹർജിയി സമിതി പുനഃസംഘടിപ്പിക്കണമെന്നാണ് ആവശ്യം. സുപ്രീം കോടതി നിയമിച്ച നാലംഗ സമിതിയിൽ മൂന്നു പേരും പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണ് എന്നാണ് ആക്ഷേപം. ഇതിൽ സമരക്കാർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് നിഷ്പക്ഷരായ വ്യക്തികളെ ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കണമെന്ന് കര്‍ഷക യൂണിയന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. കാർഷിക നിയമത്തെ അനുകൂലിക്കുന്നവർ നിഷ്പക്ഷമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല. രാഷ്ട്രീയ പാര്‍ട്ടികളുമായി ആഭിമുഖ്യമില്ലാത്തവരെയും സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച വരെയും ഉള്‍പ്പെടുത്തി പുതിയ സമിതി രൂപീകരിക്കണം. കര്‍ഷകരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്താമെന്നും ഹര്‍ജിയില്‍ പറയുന്നു.

കര്‍ഷകര്‍ക്കും സര്‍ക്കാരിനുമിടയില്‍ ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കുന്നതിനാണ് നാലംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നത്. ഭുപീന്ദര്‍ സിങ് മന്‍, അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി, അനില്‍ ഗന്‍വാദ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. എന്നാൽ വിവാദങ്ങളെത്തുടർന്ന് ഭൂപീന്ദര്‍ സിങ് മന്‍ സമിതിയില്‍ നിന്ന് പിന്‍മാറി. മറ്റു മൂന്ന് പേരും കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്നവരാണ്.