കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ പുനരാരംഭിക്കുന്നു. ജൂൺ 1 മുതൽ ഘട്ടം ഘട്ടമായാണ് അറബ്, വിദേശ വിമാന കമ്പനികളുടെ സർവീസുകൾ വീണ്ടും ആരംഭിക്കുന്നത്. വിമാനത്താവളത്തിന്റെ സാങ്കേതികവും പ്രവർത്തനപരവുമായ സന്നദ്ധത കണക്കിലെടുത്താണ് സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്. ഇത് വ്യോമഗതാഗതം സുഗമമാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കും.
വിമാനത്താവളം പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നത് വരെ ഓരോ ഘട്ടത്തിലെയും പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തിക്കൊണ്ടായിരിക്കും മുന്നോട്ട് പോകുക. യാത്രക്കാരുടെ ടെർമിനൽ ആയ T1ൽ ആവശ്യമായ അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും പൂർത്തിയായ ശേഷമാണ് ഈ വിമാന കമ്പനികൾ തിരിച്ചെത്തുന്നത്. യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കുക, വിമാനത്താവളത്തിലെ സിസ്റ്റങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സന്നദ്ധത ഉയർത്തുക, അതുപോലെ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
































