കുവൈറ്റ്: രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി സമ്പർക്കം പുലർത്തിയ ഒരു ഇന്ത്യക്കാരനും ഫിലിപ്പൈൻ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 191 ആയി. ഇതിൽ 39 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
152 പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതിൽ ഐസിയുവിൽ കഴിയുന്ന അഞ്ച് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായി ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ നിർദേശങ്ങളും ജനങ്ങൾ പിന്തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.