സുലൈമാനിയെ വധിച്ച ഡ്രോൺ പറന്നത് കുവൈറ്റിൽ നിന്ന്? റിപ്പോർട്ടുകൾ നിഷേധിച്ച് സൈന്യം

0
22

കുവൈറ്റ്: ഇറാനിലെ രഹസ്യസേനാ മേധാവി ഖാസിം സുലൈമാനിയുടെ മരണത്തിനിടയാക്കിയ ഡ്രോണ്‍ പറന്നുയർന്നത് കുവൈറ്റിൽ നിന്നാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് സൈന്യം. സുലൈമാനിക്കെതിരെയുണ്ടായ വ്യോമാക്രമണം കുവൈറ്റ് സൈനികത്താവളത്തിൽ നിന്നാണ് അമേരിക്ക നടത്തിയതെന്ന തരത്തിൽ ഇറാഖിലെ ദൗത്യസേനകളെ ഉദ്ദരിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് വാർത്തകൾ നിഷേധിച്ച് കുവൈറ്റ് സൈന്യത്തിന്റെ പ്രതികരണം.

അയൽരാജ്യങ്ങളിലെ ചില പ്രത്യേക ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചുള്ള ആക്രമണത്തിന് കുവൈറ്റ് സൈനികത്താവളങ്ങൾ ഉപയോഗപ്പെടുത്തി എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലൊരു ദൗത്യവും കുവൈറ്റ് സൈനികത്താവളത്തിൽ നിന്നുണ്ടായിട്ടില്ല. ഇങ്ങനെ കെട്ടിച്ചമച്ച വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾ സത്യാവസ്ഥ പരിശോധിക്കണമെന്നാണ് കുവൈറ്റ് സേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.