കുവൈറ്റ് സിറ്റി : കുവൈറ്റിലെ ആതുരസേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റിയുമായി (KRCS) ചേർന്ന് യെമനിലെ അധാൻ ഗവർണറേറ്റിലേക്കുള്ള മെഡിക്കൽ സഹായം എത്തിച്ചു. യെമനിൽ കോളറ പടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തര മെഡിക്കൽ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വലിയ ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചത്.
കുവൈറ്റ് വിദേശകാര്യ മന്ത്രാലയം, സാമൂഹ്യക്ഷേമ മന്ത്രാലയം, യെമൻ റെഡ് ക്രസന്റ്, സൗദി റെഡ് ക്രസന്റ് എന്നിവയുടെ സഹകരണത്തോടെ യെമനിലെ ഏറ്റവും ബാധിത പ്രദേശങ്ങളിലേക്ക് മെഡിക്കൽ സഹായം എത്തിച്ചിരിക്കുകയാണ്. രണ്ടു ലക്ഷത്തോളം ഡോളർ മൂല്യമുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ആരോഗ്യ സാമഗ്രികൾ എന്നിവ മെട്രോ മെഡിക്കൽ ഗ്രൂപ്പ് കൈമാറി.
ഔദ്യോഗിക ഫ്ലാഗ്-ഓഫ് ചടങ്ങിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ജനറൽ മാനേജർ ഫവാസ് സാദ് അൽമസ്‌റോയ്, ഓപ്പറേഷൻസ് ഡയറക്ടർ സൈനബ് കംബർ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസ, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, കോർപ്പറേറ്റ് ബിസിനസ് മാനേജർ ഫൈസൽ ഹംസ, കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത എന്നിവർ പങ്കെടുത്തു.
ഈ അവസരത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസ, യെമൻ, ഗാസ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള മനുഷ്യാവകാശ സഹായങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന കുവൈറ്റ് സർക്കാരിനും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്റെ കരുണയും മനുഷ്യത്വവും ലോകത്തിനു മുന്നിൽ പ്രതിഫലിപ്പിക്കുന്ന ഇത്തരം മഹത്തായ സർക്കാർ ഇടപെടലുകൾ, സ്വകാര്യാരോഗ്യ മേഖലകക്കും
ജീവൻരക്ഷാപ്രവർത്തനങ്ങൾക്കും വലിയ പ്രചോദനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
റെഡ് ക്രസന്റ് സൊസൈറ്റിയുടെ ജനറൽ മാനേജർ ഫവാസ് സാദ് അൽമസ്‌റോയ് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സംഭാവനയെ അഭിനന്ദിച്ചു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലും, വയനാട്ടിലെ ദുരന്തകരമായ മണ്ണിടിച്ചിലിനോടനുബന്ധിച്ചും, അത്യാവശ്യഘട്ടത്തിൽ ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ അയച്ചതും ഉൾപ്പെടെ നടത്തിയ സഹായപ്രവർത്തനങ്ങൾ എല്ലാം തങ്ങളുടെ ദീർഘകാല ജീവകാരുണ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്നും ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങൾ ഇനിയും മെട്രോ തുടരുമെന്നും മുസ്തഫ ഹംസ പറഞ്ഞു.





























