കുവൈറ്റ് സിറ്റി : ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ വേഗത്തിൽ പുനഃസ്ഥാപിക്കാൻ വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയതായി മന്ത്രി ഡോ. സുബൈഹ് അൽ-മുഖൈസീം അറിയിച്ചു.
ശനിയാഴ്ച വൈദ്യുതി ജല ഡീസലൈനേഷൻ പ്ലാന്റിലെ അപകടസ്ഥലം സന്ദർശിച്ച മന്ത്രി, അവിടെ പുരോഗമിക്കുന്ന രക്ഷാപ്രവർത്തനങ്ങളും സാങ്കേതിക നടപടികളും നേരിട്ട് വിലയിരുത്തി. കുവൈത്ത് ഫയർ ഫോഴ്‌സിന്റെയും സുരക്ഷാ ഏജൻസികളുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന അടിയന്തര പ്രതികരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ മന്ത്രിക്ക് വിശദീകരണം നൽകി.
ഏകദേശം ആറു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി മന്ത്രാലയം അറിയിച്ചു. ഇതിനിടെ സാങ്കേതിക വിദഗ്ധർ നാശനഷ്ടങ്ങൾ വിലയിരുത്തുകയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കേടായ യൂണിറ്റുകൾ വീണ്ടും സേവനത്തിലേക്ക് തിരിച്ചെത്തിക്കുന്നതുവരെ പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രി ഡോ. സുബൈഹ് അൽ-മുഖൈസീം വ്യക്തമാക്കി.































