ഫിലിപ്പൈൻസ് യുവതിയുടെ മരണം: കുവൈറ്റിന്റെ നഷ്ടപരിഹാരതുക നിഷേധിച്ച് കുടുംബം

കുവൈറ്റ്: ഫിലിപ്പെൻ സ്വദേശിയായ ഗാർഹിക തൊഴിലാളി കുവൈറ്റിൽ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. സംഭവത്തിന് ഉത്തരവാദികളായവർക്ക് വധശിക്ഷ നൽകണമെന്നാണ് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളും സര്‍ക്കാർ അധികൃതരും ആവശ്യപ്പെടുന്നത്. പകരമായി കുവൈറ്റ് നൽകാമെന്നേറ്റ ബ്ലഡ് മണി വേണ്ടെന്ന് ഫിലിപ്പൈൻ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പിന്നാലെ യുവതിയുടെ ബന്ധുക്കളും കുവൈറ്റ് വാഗ്ദാനം ചെയ്ത പത്തുലക്ഷം ഡോളർ നിരസിച്ചു. യുവതിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സ്വദേശിയായ സ്പോണ്‍സറാണ് ഈ തുക വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. എന്നാൽ പണമല്ല മകളുടെ ജീവനെടുത്തവരുടെ ജീവനാണ് വേണ്ടതെന്നാണ് ബന്ധുക്കളുടെ നിലപാട്.. ഫിലിപ്പൈൻ സർക്കാർ അധികൃതരും ഇതേ നിലപാട് തന്നെയാണ്.

സ്പോൺസറുടെ വീട്ടിൽ നിന്നും അതിക്രമം നേരിടേണ്ടി വന്ന ഫിലിപ്പൈനിൽ നിന്നുള്ള ജീ​നെ​ലി​ൻ പ​ഡേ​ണ​ൽ വി​ല്ലാ​വെ​ൻ​ഡെ എന്ന ഗാർഹികത്തൊഴിലാളി കുറച്ച് ദിവസം മുമ്പ് കുവൈറ്റിൽ മരിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തെ ശക്തമായി അപലപിച്ച് ഫിലിപൈൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതിന് തുടർച്ചയായി കുവൈറ്റിലേക്ക് പുതിയതായി ഗാർഹിക തൊഴിലാളികളെ അയക്കില്ലെന്ന് ഫിലിപ്പൈൻസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.