കുവൈത്തിന് പുറത്തുള്ള താമസക്കാർക്ക് ആശ്വാസം; അവസാന പ്രവേശന തീയതി ഇനി ‘സഹൽ’ ആപ്പിലൂടെ അറിയാം

0
25

കുവൈത്ത് സിറ്റി : കുവൈത്തിന് പുറത്തുള്ള താമസക്കാർക്ക് (റസിഡന്റുകൾ) തങ്ങളുടെ അവസാനമായി രാജ്യത്ത് പ്രവേശിച്ച തീയതി എളുപ്പത്തിൽ പരിശോധിക്കാനായി ആഭ്യന്തര മന്ത്രാലയം ‘സഹൽ’ (Sahel) ആപ്പിൽ പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. സഹൽ ആപ്പിലെ Services → Ministry of Interior → Residency Services → Residency Permit Proof Certificate എന്ന വിഭാഗത്തിലൂടെ സേവനം ലഭ്യമാകും. ഉപയോക്താവിന് സ്വന്തം പേരോ കുടുംബാംഗങ്ങളായ ഭാര്യ, ഭർത്താവ്, മകൻ, മകൾ എന്നിവരുടെ പേരോ തിരഞ്ഞെടുക്കാം. തുടർന്ന് അവസാനമായി കുവൈത്തിലേക്ക് പ്രവേശിച്ച തീയതി ഉൾപ്പെടുത്തിയ QR കോഡോടുകൂടിയ ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് സിസ്റ്റം സൃഷ്ടിക്കും.

കുവൈത്തിന് പുറത്തുള്ളതിനാൽ തിരിച്ചെത്താൻ കഴിയാത്ത റസിഡന്റുകൾക്ക് റസിഡൻസി നിയമലംഘനങ്ങൾ ഒഴിവാക്കാൻ ഈ സേവനം സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ പ്രത്യേക നടപടികളുടെ ഭാഗമായാണ് പുതിയ സേവനം അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി സന്ദർശക വിസകളുടെ കാലാവധി നീട്ടുകയും, വിദേശത്തുള്ള റസിഡന്റുകൾക്ക് അധിക ഗ്രേസ് പീരിയഡ് അനുവദിക്കുകയും, അവരുടെ നിയമപരമായ താമസ പദവി സംരക്ഷിക്കുന്നതിനുള്ള മറ്റ് നടപടികളും സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.