ലാറ്റിൻ പോരാളികളെ തളച്ച റോഡ്രിയുടെ രാജകീയ മധ്യനിര

കടപ്പാട് : ഇക്ബാൽ മുറ്റിച്ചൂർ

0
7

സെമിഫൈനലിൽ ഫ്രാൻസിന്റെ അഹങ്കാരങ്ങളെ തല്ലിക്കെടുത്തിയ അതേ സ്പാനിഷ് മാന്ത്രികൻ, കലാശപ്പോരാട്ടത്തിൽ അർജന്റീനിയൻ സിംഹങ്ങൾക്ക് മുന്നിലും താൻ തന്നെയാണ് കാൽപന്തിന്റെ യഥാർത്ഥ അധിപനെന്ന് തെളിയിച്ചിരിക്കുന്നു..

അതെ, സാക്ഷാൽ റോഡ്രിഗോ ഹെർണാണ്ടസ് എന്ന ‘റോഡ്രി’ മൈതാനത്തിന്റെ മധ്യത്തിൽ ഒരിക്കൽക്കൂടി സർവ്വാധിപതിയായി മാറിയ രാത്രി…

ഒരുവശത്ത് ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും അലക്സിസ് മാക് അലിസ്റ്ററും അണിനിരന്ന ചോര തിളയ്ക്കുന്ന അർജന്റീനിയൻ മധ്യനിര. എന്നാൽ അവരെയെല്ലാം വെറുമൊരു നിഴൽ രൂപങ്ങളാക്കി മാറ്റി, മത്സരത്തിന്റെ 99 മിനിറ്റും സ്പാനിഷ് കളിപ്പടയുടെ റിമോട്ട് കൺട്രോൾ റോഡ്രിയുടെ കൈകളിൽ ഭദ്രമായിരുന്നു.

കളിയിലെ വേഗത എപ്പോൾ കൂട്ടണം, എപ്പോൾ കുറയ്ക്കണം എന്ന് റോഡ്രിയോളം കൃത്യമായി അറിയാവുന്ന മറ്റൊരു താരം ഇന്ന് ലോകഫുട്ബോളിലില്ല. ലപ്പോർട്ടെക്കും കുബാർസിക്കും മുന്നിൽ കൃത്യമായ സ്ഥാനനിർണ്ണയത്തോടെ റോഡ്രി നിലയുറപ്പിച്ചതോടെ അർജന്റീനയുടെ എല്ലാ മധ്യനിര മുന്നേറ്റങ്ങളും ആ പ്രതിരോധ മതിലിൽ തട്ടി ചിതറിപ്പോയി.

കളിയിൽ 115-ാം മിനിറ്റ് വരെ അർജന്റീനയ്ക്ക് സ്പാനിഷ് വലയിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ സാധിച്ചില്ല എന്ന വിശ്വസനീയമല്ലാത്ത കണക്ക് തന്നെ റോഡ്രിയുടെ ഈ ‘മിഡ്ഫീൽഡ് മാസ്റ്റർക്ലാസ്സിന്റെ’ ഏറ്റവും വലിയ തെളിവാണ്..

റോഡ്രി പന്ത് കാലിൽ വെക്കുമ്പോഴെല്ലാം സ്പാനിഷ് നിരയ്ക്ക് ഒരു പ്രത്യേക ആത്മവിശ്വാസമായിരുന്നു. അർജന്റീനയുടെ കടുത്ത പ്രെസ്സിംഗിനെയും ടാക്കിളുകളെയും ചിരിച്ചുകൊണ്ട് നേരിട്ട്, മനോഹരമായ ചെറു പാസ്സുകളിലൂടെയും കൃത്യതയുള്ള ലോങ് ബോളുകളിലൂടെയും അദ്ദേഹം യമാലിനെയും വില്യംസിനെയും കയറ്റിവിട്ടു കൊണ്ടിരുന്നു.

ആദ്യ പകുതിയിൽ പാരെഡെസിന്റെ കടുത്ത മൈൻഡ് ഗെയിം ചലഞ്ചുകളിൽ പോലും പതറാതെ, കളി കൈവിട്ടു പോകാതെ നിർത്തിയതാണ് സ്പെയിന് വിജയത്തിലേക്കുള്ള വഴിതുറന്നത്. ഒടുവിൽ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് ഗോൾ നേടി സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ ലോകകിരീടം തലയിലേറ്റുമ്പോൾ, ആ വിജയത്തിന്റെ യഥാർത്ഥ ശില്പി മൈതാന മധ്യത്തിലെ ഈ തങ്കത്താരം തന്നെയായിരുന്നു. ക്ലബ്ബ് ഫുട്ബോളിലും ദേശീയ ടീമിലും ഒരേപോലെ ആധിപത്യം തുടരുന്ന റോഡ്രി, ലോകഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ താൻ തന്നെയെന്ന് ഈ കലാശപ്പോരാട്ടത്തിലും അടിവരയിട്ടുറപ്പിച്ചിരിക്കുന്നു.