സൗദിയിൽ സ്കൂളുകൾ പുനരാരംഭിച്ചു

റിയാദ്: കൊറോണവൈറസ് സൃഷ്ടിച്ച പ്രതിസന്ധികൾക്കും അരക്ഷിതാവസ്ഥയ്ക്കും ഒടുവിൽ പ്രതീക്ഷയുടെ വാർത്തകൾ വരുന്നു, സൗദി അറേബ്യയിൽ ഓൺലൈൻ പഠനത്തിന് അവധി നൽകി വിദ്യാർഥികൾ ഇന്ന് ഞായറാഴ്ച മുതൽ വീണ്ടും സ്‌കൂളിലെത്തി. ഇന്റർ മീഡിയറ്റ്, സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിദ്യാർഥികൾക്കാണ് ഇന്നു നേരിട്ടുള്ള പഠനം ആരംഭിച്ചത്.ചെറിയ ക്‌ളാസിലുള്ളവർക്ക് ‘മദ്‌റസതീ’ ആപ്ലികേഷൻ വഴി ഓൺലൈൻ പഠനം തുടരും.ഉച്ച തിരിഞ്ഞ് 3 മണി മുതൽ 7 മണിവരെയാണ് ക്ലാസുകൾ ഉണ്ടാവുക. സ്കൂളുകൾ പുനർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവിധ തലങ്ങളിൽ അതി വിപുലമായ തയാറെടുപ്പുകളാണ് സർക്കാർ നടത്തിയത്.
12 വയസ് മുതൽ 18 വരെയുള്ള 99 ശതമാനം കുട്ടികൾക്കും വാക്സീൻ നൽകി.

വാക്സിൻ എടുത്തവർക്ക് മാത്രമേ സ്കൂൾ പരിസരത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 6 ദശലക്ഷത്തിലധികം വിദ്യാർഥികളാണ് സ്‌കൂളിലേക്ക് മടങ്ങിയെത്തിയത്. വാക്സിൻ സ്വീകരിച്ചു എന്നതിന് തെളിവായി വിദ്യാർഥികൾ ‘തവക്കൽനാ’ ആപ്പിൽ ‘ഇമ്യൂൺ’ സ്റ്റാറ്റസ് പ്രദർശിപ്പിച്ചിരിക്കണം. നിബന്ധനകൾക്ക് വിധേയമായി പാലിച്ച് സ്‌കൂൾ വിദ്യാർഥികൾക്ക് സ്‌കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാമെന്നു പൊതുവിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അശ്ശഹ്‌രി പറഞ്ഞു. രാവിലെ 7.30 നാണ് ക്ളാസുകൾ ആരംഭിച്ചത്. പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകളും ഇന്നുമുതൽ പഠനം ആരംഭിക്കുന്നുണ്ട്.