ഒമാനില്‍ വാഹനമിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

ഒമാൻ: ഷിനാസ് തർഫിൽ സ്വദേശി ഓടിച്ചിരുന്ന വാഹനം ഇടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി പ്രശാന്ത് (34) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇവിടെ ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന പ്രശാന്ത്, ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെയായിരുന്നു അപകടം. സ്വദേശി ഓടിച്ചിരുന്ന പിക്കപ്പ് വാൻ വന്നിടിക്കുകയായിരുന്നു.

പന്ത്രണ്ട് വർഷമായി ഒമാനിൽ ജോലി ചെയ്തു വരികയാണ് പ്രശാന്ത്. ലീവ് കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയിട്ട് 22 ദിവസമേ ആയിരുന്നുള്ളു. മായയാണ് പ്രശാന്തിന്റെ ഭാര്യ. നാലു വയസുകാരിയായ മകളുണ്ട്. സൊഹാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.