ച’ ‘ഗ’ ചെഗ്വേര, ‘മ’ ‘ദി’ മൗദൂദി; വടി കൊടുത്ത് അടി വാങ്ങുന്ന ഏർപ്പാട് ഇനിയെങ്കിലും ജമാഅത്തെ ഇസ്ലാമി നിർത്തണം ‐ ഡോ. കെ ടി ജലീൽ

0
8

25. 3. 2020 ചൊവ്വാഴ്ച ‘മാധ്യമം’ ദിനപത്രത്തിൽ വന്ന വേണുവിന്റെ കാർട്ടൂൺ ഒറ്റനോട്ടത്തിൽ തന്നെ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇടവരുത്തുന്ന ഒന്നാണ്. കൊറോണ വൈറസിന്റെ താണ്ഡവ നൃത്തത്തിൽ ലോകം ഞെട്ടിത്തരിച്ചു നിൽക്കെ അക്ഷരാർത്ഥത്തിൽ മനുഷ്യരാശിയെ അമ്പരപ്പിച്ചു കൊണ്ട് ക്യൂബയിൽ നിന്ന് ഡോക്ടർമാരുടെ ഒരു സംഘം ഇറ്റലിയിലെത്തിയ വാർത്തയുടെ പശ്ചാതലത്തിലാണ് പ്രസ്‌തുത കാർട്ടൂൺ പിറവിയെടുത്തിരിക്കുന്നത്. ക്യൂബയെന്ന് കേട്ടാൽ ഏതൊരാളുടെ മനസ്സിലും ഓടിയെത്തുന്ന ആദ്യത്തെ മുഖമാണ് വിപ്ലവം എന്ന വാക്കിന് ആധുനിക ചരിത്രത്തിലെ ഏക പര്യായ പദമായ ചെഗ്വേരയുടേത്. ജമാഅത്തെ ഇസ്ലാമി കുറച്ചു കാലമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കാര്യം കമ്യൂണിസ്റ്റുകാർ സംഘി മനസ്സുള്ളവരാണ് എന്നാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാധ്യമം പത്രത്തിൽ അച്ചടിച്ചുവന്ന ചില ലേഖനങ്ങൾ.

കാർട്ടൂണിസ്റ്റ് വേണു രാമേട്ടന്റെ അപ്പുറത്തും ഇപ്പുറത്തുമായി നിർത്തിയിരിക്കുന്നത് പിണറായി വിജയന്റെ മുഖ സാദൃശ്യവും തോമസ് ഐസക്കിന്റെ ശരീര ഭാഷയും ദ്യോദിപ്പിക്കുന്ന രണ്ടു കഥാപാത്രങ്ങളെയാണ്. അവരോടാണ് രാമേട്ടൻ ചെഗ്വേരയുടെ ചിത്രത്തിലേക്ക് നോക്കി പറഞ്ഞു കൊടുക്കുന്നത്; ചിത്രത്തിൽ കാണുന്ന ആളെ മനസ്സിലായില്ലേ? നിങ്ങൾക്ക് അയാളെ വർത്തമാന കാലത്ത് പെട്ടന്ന് മനസ്സിലാക്കാൻ ഞാനൊരു ‘ക്ലു’ തരാം എന്ന നിലയിൽ ചാണകത്തിലെ ‘ച’ യും ഗോമൂത്രത്തിലെ ‘ഗ’ യും അയാളുടെ പേരിലുണ്ടെന്ന് സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനം നടത്തുന്നത്. കമ്മ്യൂണിസ്റ്റുകാർക്ക് പെട്ടന്ന് കാര്യം മനസ്സിലാക്കാൻ സംഘി ഭാഷ വേണമെന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് കാർട്ടൂണിലൂടെ ഊന്നുന്നതായിട്ടാണ് കാര്യബോധമുള്ളവർക്ക് പ്രത്യക്ഷത്തിൽ തോന്നുക. ജീവിതത്തിലും മരണത്തിലും ത്യാഗത്തിന്റെയും ജീവാർപ്പണത്തിന്റെയും പ്രതിരൂപമെന്ന് കോടിക്കണക്കിന് മനുഷ്യർ കരുതുന്ന ഒരു വ്യക്തിയെ അപമാനിക്കുന്നതിലൂടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ അർധ സംഘികളാണെന്ന് വരുത്തിത്തീർക്കുകയാണ് പ്രസ്‌തുത കാർട്ടൂൺ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്.

കാർട്ടൂൺ കൊണ്ട് ഉദ്ദേശിച്ചത്, സംഘികൾക്ക്, അവർക്കറിയാവുന്ന ഭാഷയിൽ ചെഗ്വേരയെ രാമേട്ടൻ പരിചയപ്പെടുത്തി കൊടുക്കുകയാണെന്നാണ് വേണുവിന്റെ ഭാഷ്യം. പിണറായിയുടെയും തോമസ് ഐസക്കിന്റെയും രൂപഭാവങ്ങൾക്കു പകരം കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും ഛായയുള്ളവരോടായിരുന്നു രാമേട്ടൻ വിവാദ അഭിപ്രായം പറഞ്ഞിരുന്നത് എങ്കിൽ കാർട്ടൂണിസ്റ്റിന്റെ വിശദീകരണം ജനങ്ങൾക്ക് ബോധിക്കുമായിരുന്നു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ജമാഅത്തെ ഇസ്ലാമി സഹകരിക്കുമെന്ന സംഘടനയുടെ ഏറ്റവും പുതിയ പ്രസ്‌താവനയുടെ വെളിച്ചത്തിൽ മൗലാനാ മൗദൂദിയുടെ പടം കൊടുത്ത് അമേധ്യത്തിലെ ‘മ’ യും തീവ്രവാദിയിലെ ‘ദി’ യും പേരിലുണ്ടെന്ന് വാസുവേട്ടനെക്കൊണ്ട് പറയിപ്പിച്ച് അപ്പുറത്തും ഇപ്പുറത്തും ജമാഅത്ത് കേരള അമീർ എം ഐ അബ്‌ദുൽ അസീസിന്റെയും അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ ആരിഫലിയുടെയും മുഖച്ഛായയുള്ള രണ്ടാളുകളെ നിർത്തി ഒരു കാർട്ടൂൺ വരച്ചു പ്രസിദ്ധീകരിച്ചാൽ എത്രമാത്രം അത് മൗദൂദി സാഹിബിന്റെ അനുയായികളെ വേദനിപ്പിക്കുമോ അതിന്റെ പതിനായിരം ഇരട്ടിയാകും ചെഗ്വേരയെ കുറിച്ച് ‘സെമി ഫാഷിസ്റ്റാ’ ണെന്ന് തോന്നിപ്പിക്കും വിധം ഒരു പരാമർശം, കാർട്ടൂണിലാണെങ്കിൽ പോലും ‘ചെ’ യെ നെഞ്ചേറ്റുന്നവർക്ക് അനുഭവപ്പെടുക.

കാർട്ടൂണുകളുടെ പേരിൽ നിരവധി കലാപങ്ങളും മനുഷ്യക്കുരുതിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത് അത്രപെട്ടന്ന് നമുക്ക് മറക്കാൻ കഴിയില്ല. എഴുത്തുകാരനേക്കാൾ അവധാനത പുലർത്തേണ്ടത് കാർട്ടൂണിസ്റ്റുകളാണെന്ന തിരിച്ചറിവാണ് ഇതു നൽകുന്നത്. ഒരാൾക്ക് താൻ വരച്ചതിന്റെ വ്യാഖ്യാനം നൽകേണ്ടി വരുന്നു എന്നത് ശുഭകരമായി ആരും കരുതുമെന്ന് തോന്നുന്നില്ല. വടി കൊടുത്ത് അടി വാങ്ങുന്ന ഏർപ്പാട് ഇനിയെങ്കിലും ജമാഅത്തെ ഇസ്ലാമി നിർത്തുമെന്ന് പ്രതീക്ഷിക്കാം.