യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നതെന്ത്

10 സെന്റിമീറ്റർ മഴ ഒരു തുറസ്സായ സ്ഥലത്തു പെയ്യുന്നതും ഒരു മലയോര പ്രദേശത്തു പെയ്യുന്നതും ഒരേപോലെയായിരിക്കില്ല. മലയുള്ളിടത്ത് ചിലപ്പോൾ ഉരുൾപൊട്ടൽപോലെയുള്ള അത്യാഹിതങ്ങൾ സംഭവിക്കാൻ അതുമതിയാവും. എന്നാൽ മറ്റുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഉണ്ടാവണമെന്നില്ല. അപ്പോൾ, ഇതെല്ലാം കണക്കിലെടുത്തുള്ള മുന്നറിയിപ്പുകളാണ് ഇത്തരം അലർട്ടുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെ impact based forecast എന്ന് വിളിക്കാം. അതായത്, നാളെ പെയ്യാൻ പോകുന്ന മഴ ഇവിടെ എന്ത് impact ആണ് ഉണ്ടാക്കുക എന്ന കാര്യം പോതുജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുകയാണ് ഇത്തരം മുന്നറിയിപ്പുകളുടെ ഉദ്ദേശം. റെഡ് അലർട്ട് എന്ന് മുന്നറിയിപ്പ് കിട്ടിയാൽ, എത്രമഴയാണ് പെയ്യുന്നത് എന്നൊന്നും തിരക്കിപ്പോകേണ്ട കാര്യമില്ല. സംഗതി പന്തിയല്ല രക്ഷപ്പെടാനുള്ള വഴിനോക്കുക എന്നാണ് അർഥം. മെസ്സേജ് ക്ലിയറാണ് അവിടെ. മുൻപ് സൂചിപ്പിച്ചതുപോലെ, ഇത് കേവലം മഴപ്രവചനം മാത്രമല്ല. ഓരോ പ്രദേശത്തെയും ഭൂപ്രകൃതി, വെള്ളപ്പൊക്കത്തിലേക്കും മറ്റു ദുരന്തങ്ങളിലേക്കും നയിക്കാവുന്ന ഘടകങ്ങൾ എന്നിവ വിലയിരുത്തി, പ്രാദേശികമായി ഓരോസ്ഥലത്തിനും പറ്റിയ മുന്നറിയിപ്പുകളാണ് കൊടുക്കുന്നത്.

ഓരോ അലർട്ടുകൾ പുറപ്പെടുവിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ്. പെയ്യാൻപോകുന്ന മഴയുടെ തീവ്രതയും, അതിനു എത്ര സാധ്യതയും ഉണ്ടെന്ന് ആദ്യം പരിശോധിക്കും. ഇതിനു പ്രധാനമായും മോഡൽ പ്രവചനങ്ങളെയാണ് ആശ്രയിക്കുന്നത്. പിന്നീട് ഓരോ സ്ഥലത്തിന്റെയും പ്രാദേശിക പ്രത്യേകതകൾ കൂടി കണക്കിലെടുത്താണ് ഏത് അലർട്ടാണ് എന്ന് തീരുമാനിക്കുന്നത്. ഇത്തരം ഫോർകാസ്റ്റുകൾ തയ്യാറാക്കുവാൻ മഴപ്രവചിക്കുന്ന മോഡൽ മാത്രം മതിയാവില്ല. പ്രളയത്തിനുള്ള സാഹചര്യം വിലയിരുത്തുവാൻ ഹൈഡ്രോളജി മോഡൽ മുതലായവയും ആവശ്യമാണ്. അതായത്, കുറേകൂടി വിശാലമായ അർത്ഥത്തിലാണ് ഇവ വിഭാവനം ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ കൂടുതൽ സങ്കീർണ്ണമാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് അതിതീവ്ര പ്രതിഭാസങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ ഏറെ ഗവേഷണങ്ങൾ നടന്നുവരുന്നുണ്ട്. ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മുന്നറിയിപ്പുകൾ പ്രതീക്ഷിക്കാം.