രാജ്യാന്തര ചലച്ചിത്രമേള: സ്‌ഥിരംവേദി നിര്‍മാണത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറി

തിരുവനന്തപുരം: തിരുവല്ലത്തെ ചിത്രാഞ്‌ജലി സ്‌റ്റുഡിയോയില്‍ രാജ്യാന്തര ചലച്ചിത്രമേളയ്‌ക്കു (ഐ.എഫ്‌.എഫ്‌.കെ) വേണ്ടി സ്‌ഥിരംവേദി നിര്‍മിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്മാറി സര്‍ക്കാര്‍. നൂറുകോടിരൂപ ചെലവില്‍ ചിത്രാഞ്‌ജലിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷമാണു തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നത്‌. ചിത്രാഞ്‌ജലിക്കു പകരം നഗരത്തില്‍ തന്നെ സ്‌ഥലം കണ്ടെത്തി ഫെസ്‌റ്റിവല്‍ കോംപ്ലക്‌സ്‌ നിര്‍മിക്കാനാണു സാംസ്‌കാരിക വകുപ്പിന്റെ നിലവിലെ തീരുമാനം. ഇതോടെ, ചലച്ചിത്രമേളയ്‌ക്കു വേണ്ടിയുള്ള സ്‌ഥിരംവേദിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടക്കില്ല.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത സാംസ്‌കാരിക വകുപ്പിന്റെ യോഗത്തിലാണ്‌ ചലച്ചിത്രമേളയുടെ സ്‌ഥിരംവേദി നഗരത്തില്‍ തന്നെ മതിയെന്നു തീരുമാനിച്ചത്‌. മുഖ്യമന്ത്രി, മന്ത്രി എ.കെ.ബാലന്‍, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രതിനിധികള്‍, സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അനുയോജ്യമായ ഭൂമി കണ്ടെത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നഗരത്തില്‍ നിന്നുംമാറി തിരുവല്ലത്ത്‌ സ്‌ഥിരംവേദി വരുന്നത്‌ എല്ലാവര്‍ക്കും അസൗകര്യം ഉണ്ടാക്കുമെന്നു അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ തീരുമാനം മാറ്റുന്നത്‌.
നിരവധി പ്രേക്ഷകര്‍ പങ്കെടുക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ സ്‌ഥിരം തിയേറ്റര്‍ കോംപ്ലക്‌സ്‌ നിര്‍മിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപനം മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രി എ.കെ ബാലനും നിരവധി വേദികളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്‌. കഴിഞ്ഞ ബജറ്റില്‍ നൂറുകോടിരൂപ ഇതിനായി വകയിരുത്തി. മൂന്നുവര്‍ഷം കൊണ്ട്‌ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ചിത്രാഞ്‌ജലി സ്‌റ്റുഡിയോ വളപ്പിലെ ഫെസ്‌റ്റിവല്‍ കോംപ്ലക്‌സിലാകും അടുത്ത ചലച്ചിത്രമേള നടത്തുകയെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞിരുന്നു. 2000 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ തിയറ്റര്‍, 2500 പേര്‍ക്കിരിക്കാവുന്ന കണ്‍വന്‍ഷന്‍ സെന്റര്‍, സെമിനാര്‍ ഹാള്‍, തിയറ്ററുകള്‍, ചലച്ചിത്ര അക്കാഡമിയുടെ ഓഫീസ്‌ തുടങ്ങിയ എല്ലാം സജ്‌ജീകരങ്ങളോടെയാണ്‌ 10 ഏക്കറില്‍ കോംപ്ലക്‌സ്‌ വിഭാവനം ചെയ്‌തിരുന്നത്‌.
മന്ത്രിസഭായോഗവും അനുമതി നല്‍കിയ ശേഷമാണ്‌ തീരുമാനത്തില്‍ നിന്നും സാംസ്‌കാരിക വകുപ്പ്‌ പിന്മാറുന്നത്‌. മേളക്കെത്തുന്നവരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ചിത്രാഞ്‌ജലിയില്‍ ഉണ്ടാകില്ലെന്ന്‌ കെ.എസ്‌.എഫ്‌.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ മംഗളത്തോടു പറഞ്ഞു. ഏരിയല്‍ സര്‍വേ നടത്തിയശേഷമാണ്‌ അവിടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടത്ര സ്‌ഥലമില്ലെന്ന്‌ മനസിലാക്കിയത്‌. ഇപ്പോള്‍ വിയോജിപ്പു പ്രകടിപ്പിക്കുന്നതില്‍ മറ്റു താല്‍പര്യങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രാഞ്‌ജലിയില്‍ ഫെസ്‌റ്റിവല്‍ കോംപ്ലക്‌സ്‌ നിര്‍മിക്കുന്നതില്‍നിന്നു പിന്മാറണമെന്ന്‌ അടൂര്‍ ഗോപാലകൃഷ്‌ണനും മറ്റു ചില സിനിമാ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ടാഗോര്‍ തിയറ്റര്‍ വളപ്പിലെ സ്‌ഥലവും മാസ്‌കറ്റ്‌ ഹോട്ടലിനു പിന്നില്‍ പൊതുമരാമത്ത്‌ വകുപ്പിന്റെ 11 ഏക്കര്‍ സ്‌ഥലവും ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌.
എന്നാല്‍, ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പോലും സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. അതിനാല്‍ ചലച്ചിത്രമേളയുടെ സ്‌ഥിരംവേദിയെന്ന ആശയം ഇനിയും വര്‍ഷങ്ങള്‍ നീളുമെന്നുറപ്പാണ്‌.