കല കുവൈറ്റ് സൗജന്യ മാതൃഭാഷാ പഠന പദ്ധതി – 2026 രജിസ്ട്രേഷൻ ആരംഭിച്ചു

0
5

കുവൈറ്റ് സിറ്റി : “മലയാളത്തെ രക്ഷിക്കുക – സംസ്കാരത്തെ തിരിച്ചറിയുക” എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ 36 വർഷത്തോളമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് നടത്തിവരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠനത്തിന്റെ ഈ വർഷത്തെ അവധിക്കാല ക്ലാസുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

പ്രവാസലോകത്ത് ജനിച്ചുവളരുന്ന നമ്മുടെ പുതുതലമുറയ്ക്ക് മലയാളത്തിൻ്റെ മധുരവും സംസ്‌കാരത്തിൻ്റെ പെരുമയും പകർന്നുനൽകാൻ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സൗജന്യ മാതൃഭാഷാ പഠന പദ്ധതിയുടെ ഈ വർഷത്തെ ക്ലാസുകൾ ജൂൺ ആദ്യവാരം ആരംഭിക്കുകയാണ്. കഴിഞ്ഞ 48 വർഷമായി കുവൈറ്റിലെ പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായ കല കുവൈറ്റ്, 1990-ൽ ആരംഭിച്ച ഈ ഭാഷാ യജ്ഞം ഇന്ന് കുവൈറ്റിലെ മലയാളി പൊതുസമൂഹത്തിൻ്റെ അകമഴിഞ്ഞ പിന്തുണയോടെ ഒരു ജനകീയ സാംസ്‌കാരിക ദൗത്യമായി മാറിക്കഴിഞ്ഞു.

പ്രവാസി സംഘടനകൾക്കായി കേരള സർക്കാരിൻ്റെ മലയാളം മിഷൻ ഏർപ്പെടുത്തിയ, മികച്ച ഭാഷാ പ്രവർത്തനങ്ങൾക്കുള്ള സുഗതഞ്ജലി പ്രവാസി പുരസ്‌കാരം നേടിയതിൻ്റെ നിറവിലാണ് ഇത്തവണ കല കുവൈറ്റ്. നമ്മുടെ സംയുക്തമായ ഭാഷാ ദൗത്യത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് കല ഈ നേട്ടത്തെ കാണുന്നത്.

നമ്മുടെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ടാണ് പഠന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കുവൈറ്റിൻ്റെ വിവിധ മേഖലകളിൽ മൂന്നു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രത്യേക അവധിക്കാല ക്ലാസുകൾ. അവധിക്കാല ക്ലാസുകൾക്ക് ശേഷം, കല മലയാളം സ്‌കൂൾ വഴി കേരള സർക്കാരിൻ്റെ മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരം വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർപഠന സൗകര്യം. കേരള സംസ്ഥാന സർക്കാരും, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനും (PSC) അംഗീകരിച്ച കണിക്കൊന്ന (സർട്ടിഫിക്കറ്റ് കോഴ്‌സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്സ‌സ്), ആമ്പൽ (ഹയർ ഡിപ്ലോമ കോഴ്‌സ്), നീലക്കുറിഞ്ഞി (സീനിയർ ഹയർ ഡിപ്ലോമ കോഴ്സ‌്) കോഴ്‌സുകളാണ് കല കുവൈറ്റ് നൽകുന്നത്.

അക്ഷരപഠനത്തിനപ്പുറം നമ്മുടെ സംസ്‌കാരവും ചരിത്രവും കുട്ടികൾക്ക് പകർന്നു നൽകുന്നു. ഇതിനായി പ്രവേശനോത്സവം, കലാജാഥ, മാതൃഭാഷാ സംഗമം തുടങ്ങിയ വേറിട്ട പരിപാടികളിലൂടെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പുറത്തെടുക്കുന്നു. പ്രവാസ ലോകത്തും നമ്മുടെ കുട്ടികൾ മലയാളം നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനും പഠിക്കട്ടെ. ഈ അവസരം പ്രയോജനപ്പെടുത്തി നിങ്ങളുടെ കുട്ടികളെ എത്രയും വേഗം രജിസ്റ്റർ ചെയ്യുക. വരുംതലമുറയ്ക്കായി മാതൃഭാഷ പകർന്നുനൽകാൻ സന്നദ്ധരായ, ഭാഷയെ സ്നേഹിക്കുന്ന അധ്യാപകരെ/വ്യക്തികളെ ഈ സാംസ്കാരിക ദൗത്യത്തിലേക്ക് ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഈ വർഷത്തെ മാതൃഭാഷാ പഠന പദ്ധതി വൻ വിജയമാക്കുവാൻ കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തിൻ്റെയും പിന്തുണയും സഹകരണവും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.