സംസ്ഥാനത്ത് കനത്ത മഴ രണ്ട് ദിവസം കൂടി തുടരും

സംസ്ഥാനത്ത് കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് റിപ്പോർട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള, ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലും ജാഗ്രതാനിർദേശം അധികൃതർ നല്‍കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്. ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അണക്കെട്ട് തല്‍ക്കാലം തുറക്കണ്ടെന്ന നിലപാടിലാണ് അധികൃതർ. ഓരോ മൂന്നു മണിക്കൂറുകളിലും സ്ഥിതി ഗതികൾ വിലയിരുത്തുന്നുമുണ്ട്. അതേസമയം കോഴിക്കോട് ജില്ലയില്‍ മഴ കുറയുന്നതായി റിപ്പോർട്ടുണ്ട്.