കുവൈറ്റ് സിറ്റി: കലാലയം സംസാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ നാഷനൽ തല മത്സരങ്ങൾ ഈ വരുന്ന 23 വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്പെയർ ബൈലിംഗ്വൽ സ്കൂളിൽ വെച്ച് സംഘടിപ്പിക്കും. ‘പ്രതീക്ഷയുടെ പ്രയാണങ്ങൾ ‘എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിൽ കുവൈറ്റിലെ 5
സോണുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. ജൂനിയർ,സെക്കൻഡറി,സീനിയർ,ജനറൽ വിഭാഗങ്ങളിലായി 200-ൽ പരം മത്സരാർത്ഥികൾ 60 വ്യത്യസ്ത ഇനങ്ങളിലായിരിക്കും മത്സരിക്കുക. ഫാമിലി, യൂണിറ്റ് , സെക്ടർ, സോൺ തലങ്ങളിലെ പ്രാഥമിക മത്സരങ്ങൾ വിജയിച്ചവരാണ് നാഷനൽ തലത്തിൽ മത്സരിക്കാനെത്തുന്നത്.
പ്രശസ്ത യാത്ര വ്ലോഗറും സുകൂൻ എഡ്യൂ ഫൗണ്ടേഷൻ സ്ഥാപകനും, ഉത്തരേന്ത്യൻ ഉൾഗ്രാമങ്ങളിലെ യാത്രകളിലൂടെയും ആകർഷണീയ ശൈലിയിലുള്ള സംസാരത്തിലൂടെയും സമൂഹികമാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുള്ള പി ടി മുഹമ്മദ് സാഹിത്യോത്സവിലെ മുഖ്യ അതിഥിയാവും. വൈകിട്ട് 6 മണിയോടെ ആരംഭിക്കുന്ന പൊതു സംസാരിക സമ്മേളനത്തിൽ കുവൈറ്റിലെ കലാ സാഹിത്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

































