ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. മഴക്കാലത്തിന് മുന്നോടിയായി നടന്ന സന്ദർശനത്തിൽ പ്രത്യേകമായുള്ള തീരുമാനങ്ങളൊന്നും ഉണ്ടായില്ല. അടുത്ത മാസം മേൽനോട്ട സമിതി അണക്കെട്ടിൽ എത്താനാണ് സാദ്ധ്യത. ഉപസമിതി ചെയർമാൻ ശരണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവെയിലെ ഷട്ടറുകൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. 13 ഷട്ടറുകളിൽ രണ്ടും, എട്ട് ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. മിനുറ്റിൽ 18.69 ലിറ്റർ വെള്ളമാണ് സ്വീപ്പേജ് വെള്ളത്തിന്റെ അളവ്. ഇതിനു മുമ്പ് ഫെബ്രുവരി മാസത്തിലാണ് ഉപസമിതി അണക്കെട്ടിൽ എത്തിയത്. ഇന്നത്തെ പരിശോധന സാധാരണ പരിശോധന മാത്രമാണെന്നും പ്രത്യേകം തീരുമാനങ്ങൾ ഉണ്ടായില്ലായെന്നും ഉപസമിതി വ്യക്തമാക്കി. ഈ മാസം മേൽനോട്ട സമിതി അണക്കെട്ട് പരിശോധനയ്ക്ക് എത്തുമെന്നും ഉപസമിതി അറിയിച്ചു. പ്രളയത്തിൽ തകർന്ന മുല്ലപ്പെരിയാറിലേയ്ക്കുള്ള വള്ളക്കടവ് റോഡ് ഭാഗികമായി പുന:സ്ഥാപിച്ചു. ചെറിയ വാഹനങ്ങൾക്ക് ഇതുവഴി ഇപ്പോൾ കടന്നു പോകാം. 112.8 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. മഴക്കാലം അടുത്തു വരുന്നതിനാൽ ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ ഉൾപ്പെടെ കേരളം അടുത്ത യോഗത്തിൽ ആവശ്യപ്പെടും. ഉപസമിതി ചെയർമാനു പുറമേ കേരളത്തിന്റെ പ്രതിനിധികളായ എൻ.എസ്.പ്രസീദ്, ഗിരിജ ഭായ് തമിഴ്നാട് പ്രതിനിധികളായ സാം അറിവിൻ, സുബ്രഹമണ്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.