ദേശീയ പാത തകർന്ന സംഭവം; നിര്‍മാണത്തിൽ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി

0
219

കൊല്ലം :ദേശീയ പാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ദേശീയ പാതയുടെ നിർമ്മാണപ്രവർത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളും ദേശീയ പാത അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്നും, പ്രശ്നങ്ങൾ പരിഹരിച്ച് അവർ മുന്നോട്ട് പോകുമെന്നുള്ളതാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാത തകർന്ന സംഭവത്തെ തുടർന്ന് പ്രതിപക്ഷം ഉൾപ്പടെയുള്ളവർ സർക്കാരിനെതിരെ രൂക്ഷ പ്രതിഷേധം ഉയർത്തിയിരുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. എന്നാൽ, 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ദേശീയപാത വികസനം നടന്നേനെയില്ലെന്നും, അതിനാൽ ഈ സംഭവത്തിൽ സർക്കാരിന് മറ്റൊരു രീതിയിൽ ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയ പാത നിർമ്മാണത്തിൽ ചില ഭാഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് എൽഡിഎഫ് സർക്കാരിന്റെ പിഴവാണെന്ന് ആരോപിക്കുന്നവരോട് മുഖ്യമന്ത്രി മറുപടി നൽകി.അവർ ഉപേക്ഷിച്ച് പോയ പണി നിങ്ങൾ എന്തിന് യാഥാർത്ഥ്യമാക്കാൻ പോയി എന്നാണ് ചോദ്യമെങ്കിൽ അതിൽ ഞങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറയാമെന്നും അത് നാടിന്റെ മുന്നോട്ട് പോക്കിന് ഞങ്ങൾ നിർവഹിക്കേണ്ട പ്രാഥിക ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.