സന്ദര്‍ശക പ്രവാഹം: ഷാർജയിൽ ബീച്ചുകളിൽ നിരീക്ഷണം ശക്തമാക്കി

ഷാർജ: സന്ദർശകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ ബീച്ചുകളിൽ നിരീക്ഷണം ശക്തമാക്കി ഷാർജ പൊലീസ്. അപകടങ്ങൾ ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തീരദേശ മേഖലകളിൽ വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു കഴിഞ്ഞു. കടലിൽ നീന്താൻ ഇറങ്ങുന്നവർ ഉള്‍പ്പെടെ നിർദേശങ്ങള്‍ പാലിക്കണമെന്നാണ് പൊലീസ് റെസ്ക്യു വിഭാഗം അറിയിച്ചിരിക്കുന്നത്.

കുടുംബത്തോടൊപ്പം വരുന്നവർ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. നീന്തൽക്കുളങ്ങളിലാണെങ്കിൽ പോലും കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം‌. ഇക്കഴിഞ്ഞ നാല് മാസത്തിനിടെ എമിറേറ്റുകളിലെ ബീച്ചുകളിൽ 20 പേർ മുങ്ങിമരിച്ചതായാണ് കണക്ക്. ഇത് കൂടി കണക്കിലെടുത്താണ് കർശന നിർദേശങ്ങൾ അധികൃതർ നൽകിയിരിക്കുന്നത്.