ഹിജാബ് നിരോധനം; കുവൈത്തിലെ ഇന്ത്യൻ എംബസിക്ക്‌ സമീപം സ്വദേശി സ്ത്രീകളുടെ പ്രതിഷേധം

കുവൈത്ത്‌ സിറ്റി : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഇന്ത്യൻ എംബസിക്ക്‌ സമീപം പ്രതിഷേധ പ്രകടനം നടന്നു. കുവൈത്ത് സ്ത്രീകളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇന്ത്യയിലെ മുസ്ലിം സ്തീകൾക്ക്‌ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്   ഇസ്ലാമിക്‌ കോൺസ്റ്റിറ്റിയൂഷനൽ മൂവ്‌മന്റ്‌ ( ഹദഫ്‌ )  വനിതാ പ്രവർത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.  120 ൽ അധികം പ്രവർത്തകർ ഇതിൽ പങ്കാളികളായി . പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട്  ഇന്ത്യൻ സർക്കാരിനെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് ലക്ഷ്യം . ഇന്ത്യയും കുവൈത്തും തമ്മിൽ വളരെ പുരാതനമായ ബന്ധമാണുള്ളത് എന്നും, ഇസ്ലാം മത വിശ്വാസികളെ ബഹുമാനിക്കാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നതായും പ്രതിഷേധക്കാർ പറഞ്ഞു.
കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമാണു ഇന്ത്യക്കാർ.ഇന്ത്യൻ സമൂഹത്തെ തങ്ങൾ ബഹുമാനിക്കുന്നു, തങ്ങളുടെ ഇസ്ലാമിക ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാൻ ഞങ്ങൾ അവരെ നിർബന്ധിക്കുന്നുമില്ല. അവരുടെ മത വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നടത്താൻ ഇവിടെ സ്വാതന്ത്ര്യവുമുണ്ട്. അതേ പോലെ ഇന്ത്യയിലെ മുസ്‌ലിംകളോടും അവരുടെ ആചാരാനുഷ്ഠാനങ്ങളോടും പരസ്‌പരം ബഹുമാനം പ്രകടിപ്പിക്കണമെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.