കുവൈത്തിൽ വീണ്ടും  ഭൂചലനം

കുവൈത്ത്‌ സിറ്റി :  കുവൈത്തിൽ വീണ്ടും  ഭൂചലനം . പ്രാദേശിക സമയം പുലർച്ചെ 4.28 ഓട്‌ കൂടിയാണു രാജ്യത്തിൻ്റെ  പല ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്‌. ശക്തമായ ഭൂചലനത്തെ തുടർന്ന്  പുലർച്ചെ പലരും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. കുവൈത്ത്‌ സയന്റിഫിക്‌ സെന്ററിലെ ഭൂകമ്പ നിരീക്ഷണ വിഭാഗം പ്രബന്ധത്തിൻ്റെ തീവ്രത സംബന്ധിച്ച്‌ ഇത്‌ വരെ റിപ്പോർട്ടുകൾ പുറത്തു വിട്ടിട്ടില്ല. കുവൈത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 4.4 മാത്രമാണെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞൻ ആദിൽ അൽ സഅദൂൺ വ്യക്തമാക്കി. ഇത്‌ പൊതുവെ നേരിയ ഭൂചലനം ആയി മാത്രമേ കണക്കാക്ക പ്പെടുകയുള്ളൂ എന്നും
ഭൂകമ്പത്തിന്റെ തീവ്രത 6 ൽ കൂടുതൽ ആകാത്തിടത്തോളം നാശനഷ്ടങൾ സംഭവിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, മാനിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ സീസ്മോളജിക്കൽ സെന്റർ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്,  റിക്ടർ സ്കെയിലിൽ 5 തീവ്രതയാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. പ്രഭവകേന്ദ്രം അഹമദി പ്രദേശത്ത്‌ 10 കിലോമീറ്റർ ആഴത്തിലാണു എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.

യു.എ.ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ ഭൂകമ്പ നിരീക്ഷണ വിഭാഗം പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 5.5 ആണു രേഖപ്പെടുത്തിയിരിക്കുന്നത്‌. അഹമദി പ്രദേശത്ത്‌ സമുദ്ര നിരപ്പിൽ നിന്ന് 5 കിലോമീറ്റർ ആഴത്തിൽ ആണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം എന്നും റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണ കുവൈത്തിലെ അഹമ്മദി ഗവർണ്ണറേറ്റിലാണ് ശക്തമായ ചലനം അനുഭവപ്പെട്ടത്‌.  ഭൂചലനത്തെ തുടർന്ന് ഇത്‌ വരെ ആളപായമോ നാശ നഷ്ടങ്ങളോ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.