കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ പ്രവാസി മലയാളി എഴുത്തുകാർക്കായി സംഘടിപ്പിച്ച സാഹിത്യോത്സവം 2026-ലെ വിജയികളെ പ്രഖ്യാപിച്ചു. ‘കേരളം പതിറ്റാണ്ടിന്റെ വികസനയാത്ര’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ലേഖന രചനാ മത്സരത്തിൽ ശ്രീരാജ് നടുവത്ത്, രാജലക്ഷ്മി ശൈമേഷ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ലിപി പ്രസീദ് രണ്ടാം സ്ഥാനവും, രെഞ്ചു വേങ്ങൽ, ജിബി ഗബ്രിയേൽ എന്നിവർ മൂന്നാം സ്ഥാനവും നേടി.
കവിതാ രചനാ മത്സരത്തിൽ ജിതേഷ് രാജൻ താഴത്ത് ഒന്നാം സ്ഥാനവും മഞ്ജു മൈക്കിൾ രണ്ടാം സ്ഥാനവും ലിനി പത്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഥാ രചനാ മത്സരത്തിൽ മനോജ് കുമാർ കാപ്പാട് ഒന്നാം സ്ഥാനവും അനസ് ബാവ രണ്ടാം സ്ഥാനവും നേടി. ഗായത്രി വിമൽ, വിജി ജയൻ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് വിവിധ വിഭാഗങ്ങളിലായി മികച്ച സൃഷ്ടികൾ തിരഞ്ഞെടുക്കപ്പെട്ടത്. കുവൈറ്റിലെ പ്രവാസി സമൂഹത്തിനിടയിൽ സാഹിത്യ അഭിരുചി വളർത്തുന്നതിനും പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യോത്സവം വേദിയായതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

































